ലഭ്യമായ ഓഫറുകൾക്ക് തലയാട്ടി ഡോക്ടർമാർ; ആൻജിയോപ്ലാസ്റ്റി തട്ടിപ്പിൽ ഇൻഷുറൻസ് കമ്പനികളും ഒത്തുകളിക്കുന്നു, വെട്ടിലാകുന്നത് രോഗികൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആവശ്യമില്ലാത്ത ഘട്ടത്തിലും ആൻജിയോപ്ലാസ്റ്റി നിർദ്ദേശിക്കുന്നതിന് പിന്നിൽ രോഗികളുടെ ഇൻഷുറൻസ് പരിരക്ഷയും ചില ചികിത്സാ കേന്ദ്രങ്ങൾക്ക് പ്രേരണയാകുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇൻഷുറൻസ് വഴി തുക തിരികെ ലഭിക്കുന്നതിനാൽ രോഗിക്ക് സാമ്പത്തിക ബാധ്യത വരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ചെറിയ തോതിലുള്ള നെഞ്ചുവേദനയുമായി എത്തുന്നവരിൽ പോലും പല ആശുപത്രികളും ഇത്തരം ഇടപെടലുകൾ നടത്തുന്നതെന്നാണ് വിവരം. ആൻജിയോപ്ലാസ്റ്റി ചെയ്യാനായി വലിയ തുകയാണ് ഈ സ്ഥാപനങ്ങൾ ഈടാക്കുന്നത്. അടിയന്തരമായി ഈ ചികിത്സ ചെയ്യേണ്ടതുണ്ടെന്ന് രോഗികളെ വിശ്വസിപ്പിക്കുകയും ചെലവാകുന്ന കണക്കുകൾ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഹൃദയധമിനിയിലെ തടസങ്ങൾ നീക്കാൻ സ്റ്റെന്റ് സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ഇവർ വിശദീകരിക്കും. നിലവാരം കൂടിയ സ്റ്റെന്റുകളാണ് ആരോഗ്യത്തിന് നല്ലതെന്നും എന്നാൽ അവയ്ക്ക് വില കൂടുതലാണെന്നും അറിയിക്കും. ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമെന്നുകൂടി ഉറപ്പുവരുത്തുന്നതോടെ പണം നൽകേണ്ടതില്ലല്ലോ എന്ന ചിന്തയിൽ രോഗികൾ സമ്മതം മൂളും. ക്ലെയിം അനുവദിക്കുന്നതിന് മുമ്പ് ചികിത്സ അനിവാര്യമാണോ എന്ന് പരിശോധനാ ഫയലുകൾ നോക്കി ഇൻഷുറൻസ് സ്ഥാപനങ്ങൾ വിലയിരുത്താറുണ്ടെങ്കിലും, ആശുപത്രികളുമായുള്ള ഒത്തുകളിയുടെ ഭാഗമായി പലപ്പോഴും ഇവ പാസായി കിട്ടാറുണ്ട്. എങ്കിലും, ഇക്കാര്യത്തിൽ കർശന പരിശോധന നടത്തുന്ന ചില ഇൻഷുറൻസ് കമ്പനികളും പ്രവർത്തിക്കുന്നുണ്ട്.
സ്റ്റെന്റുകളിലും കമ്മീഷണർ കളി!
ആൻജിയോപ്ലാസ്റ്റി വേളയിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ ഇടപാടുകളിലും കമ്മീഷണർ സമ്പ്രദായം സജീവമാണ്. വിലകൂടിയ സ്റ്റെന്റുകൾ രോഗികളിൽ ഇടാൻ നിർമ്മാണ കമ്പനികൾ ഡോക്ടർമാരെ സ്വാധീനിക്കാറുണ്ട്. ഇതിന് വഴിപ്പെടുന്ന ചികിത്സാ വിദഗ്ധർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. വിലകൂടിയ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഡോക്ടർമാർക്കുള്ള സമ്മാനങ്ങളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും തോതും വർദ്ധിക്കും. അതിനാൽ യാതൊരു ആവശ്യവുമില്ലാത്ത രോഗികളിൽ പോലും അത്തരം സ്റ്റെന്റുകൾ ഉപയോഗിക്കാൻ സാധ്യതയേറെയാണ്. ഇത് രോഗികളുടെ മേൽ ആശുപത്രി ബില്ലിന്റെ ഭാരം ഇരട്ടിയാക്കാൻ ഇടയാക്കും.
മന്ത്രിയുമായി അഭിപ്രായ വ്യത്യാസം; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റും
തിരുവനന്തപുരം: മന്ത്രി കെ.മുരളീധരനുമായി ഉണ്ടായ തർക്കം കടുത്തതോടെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഡോ.ശർമ്മിള മേരി ജോസഫിനെ നീക്കും. മരുന്നു ക്ഷാമവുമായി ബന്ധപ്പെട്ടതടക്കം താൻ നടപടിക്ക് നിർദ്ദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി വൈകിപ്പിച്ചതാണ് മന്ത്രിയെ കോപിപ്പിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രി വി.ഡി.സതീശനെ നേരിൽക്കണ്ട് സംസാരിച്ചു.
പിന്നാലെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മന്ത്രിയുമായി ചർച്ച നടത്തി. പുതിയ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് വേണ്ട വ്യക്തി ആരായിരിക്കണമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശം മന്ത്രി ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കിയെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥരെയും പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
ഫയലുകളിൽ തീരുമാനമില്ല
മെഡിക്കൽ സെർവീസസ് കോർപ്പറേഷനിൽ ആഭ്യന്തര വിജിലൻസ് സംവിധാനം രൂപീകരിക്കാനുള്ള നിർദ്ദേശങ്ങളുള്ള ഫയൽ കൈമാറിയിട്ടും പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനം കൈക്കൊള്ളുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി.
മെഡിക്കൽ സെർവീസസ് കോർപ്പറേഷന്റെ മുൻ എം.ഡി വലിയ തുക മുടക്കി ടെന്നീസ് ക്ലബിൽ അംഗത്വം എടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശം ഇതുവരെ നടപ്പായില്ല. മരുന്നുക്ഷാമം ഫലപ്രദമായ രീതിയിൽ നേരിടുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടേ ഭാഗത്തുനിന്ന് ഏകോപനം ഉണ്ടായില്ല.
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ് ഹോസ്റ്റൽ നിർമ്മാണം തുടങ്ങിയവയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിവിധ ഏജൻസികൾ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിട്ടും അനുമതി വൈകുകയാണ്.
RELATED TOPICS: ANGIOPLASTY, UNNECESSARY ANGIOPLASTY, HEALTH INSURANCE, HOSPITAL CHARGES, ANGIOPLASTY KERALA
Source link




