യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: മൂന്ന് എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിനു മുന്നിലുണ്ടായ എസ്എഫ്ഐ–യൂത്ത് കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. മെൻസ് ഹോസ്റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളജ് വിദ്യാർഥികളായ ആദര്‍ശ്, അരുണ്‍ എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആകെ 160 പേർക്കെതിരെയാണ് പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 80 പേർ എസ്എഫ്ഐ പ്രവർത്തകരും, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള മറ്റ് 80 പേർ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരുമാണ്.
അതിനിടെ, കന്റോൺമെന്റ് എസ്ഐ ജി.ഗോകുൽ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് എസ്എഫ്ഐ പുറത്തുവിട്ട ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കാൻ എഡിജിപി പി.വിജയൻ ഉത്തരവിട്ടു. ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് എസ്ഐ ജി.ഗോകുല്‍, സിഐ സതീഷ് കുമാര്‍ എന്നിവരുടെ വസതികളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രകോപിതനായി എസ്ഐ ഗോകുല്‍, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ആണ് പുറത്തുവന്നത്. ‘വീട്ടിലേക്ക് സമരം നടത്താൻ വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ വലിച്ചുകൊണ്ടുപോകും’ എന്ന തരത്തിലുള്ള ഭീഷണിയാണ് സന്ദേശത്തിലുണ്ടായിരുന്നത്.
ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചുകയറി എസ്എഫ്ഐ പ്രവർത്തകരെ എസ്ഐയും സിഐയും ക്രൂരമായി മർദ്ദിച്ചുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം ആവശ്യപ്പെട്ട് നേരത്തെ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. സംഭവത്തിൽ വിവാദത്തിലായ എസ്ഐ ഗോകുലിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയിയും പരസ്യമായി ഭീഷണി മുഴക്കിയിരുന്നു.
Source link




