ആർ സുഗതന് ബിജെപിയുടെ ഊഷ്മള സ്വീകരണം; ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും

ആർ സുഗതനെ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചപ്പോൾ, വി മുരളീധരൻ എംഎൽഎ ആർ സുഗതനെ ഷാൾ അണിയിക്കുന്നു
തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് ജയിൽവാസം അനുഭവിച്ച കൗൺസിലർ ആർ സുഗതന് ബിജെപിയുടെ ഊഷ്മള വരവേൽപ്പ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എംഎൽഎ വി മുരളീധരൻ, മേയർ വിവി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങിയ പ്രമുഖർ സുഗതനെ പൊന്നാടയണിയിച്ച് ആദരിച്ചു. സേവ സങ്കൽപ്പ അഭിയാന്റെ ഭാഗമായി പടിഞ്ഞാറെകോട്ട ശ്രീ പത്മം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ഈ സ്വീകരണ ചടങ്ങ്. ജയിൽ മോചിതനായ ശേഷം അദ്ദേഹം പങ്കെടുത്ത പ്രഥമ പൊതുപരിപാടിയാണിത്.
കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതൻ കഴിഞ്ഞ ദിവസമാണ് മോചിതനായത്. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തുവന്ന അദ്ദേഹത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ജ കവാടത്തിൽ കുടുംബാംഗങ്ങളും കാത്തുനിൽപ്പുണ്ടായിരുന്നു. ബിജെപി പ്രവർത്തകർ വലിയ ആഹ്ലാദപ്രകടനങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് അദ്ദേഹത്തെ വരവേറ്റത്.
തനിക്കൊപ്പം ഉറച്ചുനിന്ന പ്രസ്ഥാനത്തിനും പ്രവർത്തകർക്കും സുഗതൻ കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലു മാസത്തോളമായി തന്റെ കുടുംബത്തിന്റെയും വാർഡിന്റെയും കാര്യങ്ങൾ നോക്കിനടത്തിയത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിന് വിചാരിച്ചാൽ ആരെയും ഇത്രകാലം തടവിലിടാം എന്നതിന്റെ ഉദാഹരണമാണ് തന്റെ അനുഭവം. എക്കാലവും ജനങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും സംഘടനയ്ക്കും ജനങ്ങൾക്കുമായാണ് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഗതനെതിരെ ജില്ലാ കളക്ടർ പുറപ്പെടുവിച്ച കാപ്പ ഉത്തരവ് ഇന്നലെ വൈകുന്നേരത്തോടെയാണ് ഹൈക്കോടതി അസാധുവാക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണായക നടപടി. സുഗതന്റെ അറസ്റ്റ് നഗരസഭ ഭരിക്കുന്ന ബിജെപിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. എന്നാൽ കോടതിയുടെ ഈ അനുകൂല വിധി പാർട്ടിക്ക് വലിയ ആശ്വാസമാണ് സമ്മാനിച്ചിരിക്കുന്നത്.
English Summary
Thiruvananthapuram: BJP Councillor R. Sugathan received a grand welcome from party leaders after his release from jail. The High Court yesterday quashed his detention under the KAAPA Act, following a petition by his wife. State President Rajiv Chandrasekhar, Union Minister Suresh Gopi, and other prominent figures greeted Sugathan at an event celebrating Prime Minister Modi’s 25 years in public office.
RELATED TOPICS: BJP, KAPA CASE, R SUGATHAN KAPA CASE, BJP WELCOME, THIRUVANANTHAPURAM CORPORATION
Source link




