മോദിയോട് ഒരൊറ്റ വാക്ക് പറഞ്ഞാൽ മതി; 30 സെക്കൻഡിൽ സമരത്തിന് വിരാമം, വ്യാപാരികളോട് രാഹുൽ ഗാന്ധി

ദീപാവലിയോടനുബന്ധിച്ചുള്ള ‘ധൻതേരസ്’ ദിനത്തിൽ ഡൽഹിയിൽ സാധാരണയായി 25,000 കോടി രൂപയിൽ കുറയാത്ത വ്യാപാരം നടക്കാറുണ്ടെന്ന് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്തവണ നവംബർ 6-നാണ് ധൻതേരസ്; നവംബർ 8-നാണ് ദീപാവലി. ഇതിനിടെ സമരങ്ങളും റാലിയും നടക്കുന്നത് കച്ചവടത്തെ ബാധിക്കുമെന്നും 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ഗോയൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബറിൽ ഇതുവരെ സമരങ്ങളും റാലികളും മൂലം വ്യാപാരികൾക്ക് 3000 കോടി രൂപയിലധികം നഷ്ടമുണ്ടായതായും ഗോയൽ ചൂണ്ടിക്കാട്ടി. ചില്ലറ വ്യാപാരികളെയും മൊത്തവ്യാപാരികളെയും ഒരുപോലെയാണ് ഈ പ്രതിഷേധങ്ങൾ ബാധിക്കുന്നത്.
രാംലീല മൈതാനത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിലാണ് ചാന്ദിനി ചൗക്, സദർ ബസാർ, ചാവ്‍രി ബസാർ, ഭാഗീരഥ് പാലസ്, ഖാരി ബൗളി, കശ്മീർ ഗേറ്റ്, നായ് സരക്, മോറി ഗേറ്റ്, കിനാരി ബസാർ, ദാരിബ, ദര്യഗഞ്ച്, അജ്മീരി ഗേറ്റ്, ജമാ മസ്ജിദ്, കരോൾ ബാഗ്, ആസാദ് മാർക്കറ്റ് തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ ബാരിക്കേഡുകളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് കച്ചവടം പൂർണമായി തടസ്സപ്പെടുത്തുമെന്നും ഗോയൽ പറഞ്ഞു. ഈ വിപണികളിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെ ഉൽപന്നങ്ങൾ എത്തിക്കുന്നതെന്നും ബ്രിജേഷ് ഗോയൽ ഓർമിപ്പിച്ചു.
വ്യാപാരികളുടെ ആവശ്യം ചർച്ച ചെയ്യുമെന്നും റാലി മാറ്റിവയ്ക്കണോ എന്ന കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമെടുക്കുമെന്നും ഖർഗെ പറഞ്ഞു. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വേണ്ടിയാണ് ഈ സമരമെന്നും ഖർഗെ വ്യക്തമാക്കി.
‘‘വോട്ടുചോരി ഗൗരവമുള്ള വിഷയമാണ്. ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെങ്കിൽ ഒരു വ്യാപാരിക്കും കച്ചവടം ചെയ്യാനാവില്ല, ഒരു വിദ്യാർഥിക്കും നല്ലൊരു ഭാവി കെട്ടിപ്പടുക്കാനും സാധിക്കില്ല. എങ്കിലും വ്യാപാരികളുടെ അപേക്ഷ ഞങ്ങൾ പരിഗണിക്കും’’, ഖർഗെ പറഞ്ഞു.




