MANORAMA

തേനി ജയിൽ ചാട്ടം: ഗാർഡിന്റെ മാലയുമായി കടന്ന തടവുകാരൻ തിരിച്ചെത്തി; ഇടുക്കിയിൽ കനത്ത ജാഗ്രത

തേനിയിലെ ആണ്ടിപ്പട്ടി ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരിൽ ഒരാൾ ഒടുവിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. മധുര സ്വദേശിയായ പ്രവീൺ എന്ന തടവുകാരനാണ് പൊലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ സ്വമേധയാ ജയിലിലേക്ക് മടങ്ങിയെത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും പൊലീസ് അടച്ചതും, പിടിക്കപ്പെട്ടാൽ എൻകൗണ്ടർ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടായേക്കുമെന്ന ഭയവുമാണ് ഇയാളെ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ, തങ്ങൾ പ്രവീണിനെ പിടികൂടുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം. ഇതിനിടെ, തിരച്ചിലിനിടെ രാജാ സിക്കന്ദർ, രാജ് കുമാർ, സിലമ്പരശൻ എന്നിവരെയും പൊലീസ് പിടികൂടി.

തമിഴ്, തെലുങ്ക് സിനിമകളിലെ ജയിൽ ചാട്ട ദൃശ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തടവുകാർ ആസൂത്രിതമായി ഈ കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വില്ലുപുരം, ഉത്തമപാളയം, തേനി, മധുര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടവർ. ഇവർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്, അതിൽ മൂന്നുപേർ സ്ഥിരം ഗുണ്ടകളുമാണ്. നാല് ബ്ലോക്കുകളുള്ള ഈ ജില്ലാ ജയിലിൽ ആകെ 340 പേരാണ് കഴിയുന്നത്. പ്രതികൾ പാർത്തിരുന്ന മൂന്നാം ബ്ലോക്കിൽ 92 പേർ ഉണ്ടായിരുന്നതിൽ 17 പേരാണ് അന്ന് രാത്രി 10.30-ഓടെ ജയിൽ ചാടിയത്.

അപസ്മാരം അഭിനയിച്ച് ജയിൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് അടുത്തെത്തിച്ചായിരുന്നു ആക്രമണം. പരിശോധനയ്ക്കായി എത്തിയ മദൻ മോഹൻ എന്ന എസ്.എസ്.ഐയെ സംഘം മർദ്ദിച്ച് വീഴ്ത്തുകയും അദ്ദേഹത്തിന്റെ മാല പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്കപാണ്ടിയെയും ആക്രമിച്ച ശേഷം ഇവർ പല വഴികളിലായി ചിതറി ഓടുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ തന്നെ തേനിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് വ്യാപകമായ പരിശോധന തുടങ്ങി. ലിംഗപ്രസാദ്, കറുപ്പസ്വാമി, തിരുപ്പതി, ഇളങ്കോ, രാജീവ്, ശബരിനാഥൻ, പൊൻ‌മുത്തു, ശെൽവം, മീനാക്ഷി സുന്ദരം, നിജന്ത്, കാർത്തിക് രാജു, മുകിലൻ, തരുൺ, രാജ്കുമാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്.

Source link

Related Articles

Back to top button