ഐഫോൺ 18 പ്രോയ്ക്ക് വൻ കസ്റ്റംസ് തീരുവ; വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രവാസിയുടെ പ്രതിഷേധം

അജാസ് മുഹമ്മദ്
കൊച്ചി: ദുബായിൽ നിന്ന് കൊണ്ടുവന്ന ഐഫോൺ 18 പ്രോയ്ക്ക് ഉയർന്ന കസ്റ്റംസ് തീരുവ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസിയുടെ പ്രതിഷേധം. എഡ്യുപോർട്ട് എന്ന ലേണിംഗ് പ്ലാറ്റ്ഫോമിന്റെ സ്ഥാപകനായ അജാസ് മുഹമ്മദാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ടത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് അജാസിനെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
സ്വന്തം ആവശ്യത്തിനായി വാങ്ങിയ ഫോൺ ആണിതെന്ന് അജാസ് പറയുന്നുണ്ടെങ്കിലും, കൈവശം മറ്റൊരു ഫോൺ കൂടിയുള്ളതിനാൽ പുതിയ ഐഫോണിന് ഏകദേശം 30,000 രൂപ ഡ്യൂട്ടി നൽകണമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. എന്നാൽ ഈ തുക നൽകാൻ അജാസ് വിസമ്മതിക്കുകയായിരുന്നു. മറ്റ് യാത്രക്കാർക്ക് സമാനമായ രീതിയിൽ നികുതി ചുമത്തുമ്പോൾ, തന്നോട് കാണിക്കുന്നത് അനീതിയാണെന്നും ഒരു രൂപ പോലും അധികം നൽകാൻ തയ്യാറല്ലെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്. തർക്കത്തിനൊടുവിൽ ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തു.
തന്റെ ഫോൺ തിരികെ ലഭിക്കുന്നതുവരെ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് അറിയിച്ച അജാസിനെ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബലമായി നീക്കം ചെയ്യുകയായിരുന്നു. 75,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി ബാധകമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അജാസിന്റെ തീരുമാനം. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് പ്രവാസികളിൽ നിന്നും ഉയരുന്നത്. ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണം അന്യായമായി നികുതി ഈടാക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പലരും ഉന്നയിക്കുന്നത്.
Source link




