MANORAMA

ശത്രുവിന്റെ കെണിയിൽ കുടുങ്ങിയ യുഎസ്! ഇറാൻ നിലംപരിശാക്കിയ ലൂക്കാസ് വജ്രായുധത്തിന്റെ രഹസ്യം എന്ത്?

ആധുനിക യുദ്ധമുഖത്ത് ആകാശം പിടിച്ചടക്കാൻ കോടികൾ വിലയുള്ള വിമാനങ്ങളും വമ്പൻ പ്രതിരോധ സാങ്കേതികവിദ്യകളും മാത്രം മതിയെന്ന പഴയ യുദ്ധ സങ്കൽപ്പങ്ങൾക്ക് ഇപ്പോൾ അന്ത്യമാവുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ യുഎസ് വ്യോമസേന തങ്ങളുടെ തന്ത്രങ്ങളിൽ കൊണ്ടുവന്ന വലിയ മാറ്റത്തിന്റെ അടയാളമാണ് ‘ലൂക്കാസ്’ എന്ന വൺ-വേ അറ്റാക്ക് ഡ്രോണുകളുടെ രംഗപ്രവേശം. തങ്ങളെ തുടർച്ചയായി വലച്ച ഇറാനിയൻ സാങ്കേതികവിദ്യയെ തന്നെ പഠിച്ചെടുത്ത്, അതേ രീതിയിൽ തിരിച്ചടി നൽകാൻ യുഎസ് ഒരുക്കിയ ഏറ്റവും പുതിയ ആയുധമാണിത്. ഇതിനിടെ, തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് മുകളിലൂടെ പറക്കുകയായിരുന്ന യുഎസിന്റെ ലൂക്കാസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു.

പ്രതിരോധ ഗവേഷണ മേഖലയിലെ ഏതെങ്കിലും സ്വകാര്യ ഡ്രോൺ സ്റ്റാർട്ടപ്പോ സിലിക്കൺ വാലിയിലെ ഭീമൻ ടെക് കമ്പനികളോ അല്ല ഇത് വികസിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ഇറാനിയൻ സാങ്കേതികവിദ്യ യുഎസ് സൈന്യം നേരിട്ട് വിശകലനം ചെയ്ത ശേഷം, ‘സ്പെക്ട്രെവർക്സ്’ എന്ന പ്രതിരോധ ഏജൻസിയുമായി ചേർന്നാണ് ഈ വി-ആകൃതിയിലുള്ള ഡ്രോണുകൾ തയ്യാറാക്കിയത്. ലളിതമായ ഘടനയും മികച്ച പ്രവർത്തനക്ഷമതയും ഒത്തുചേർന്ന ഒന്നായതിനാൽ, ലൂക്കാസിനെ പ്രതിരോധ വിദഗ്ധർ ‘ഡ്രോണുകളുടെ ലോകത്തെ ടൊയോട്ട കൊറോള’ എന്നാണ് വിശേഷിപ്പിക്കുന്നത്.

∙ ഇറാന്റെ ശാഹെദിൽ നിന്ന് പ്രചോദനം: ശത്രുവിന്റെ ആയുധം തിരിച്ചടിക്കുന്നു

ലൂക്കാസിന്റെ പിറവിക്ക് പിന്നിലെ കഥയും കൗതുകമുണർത്തുന്നതാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും പശ്ചിമേഷ്യൻ പ്രതിസന്ധികളിലും ഇറാന്റെ ‘ശാഹെദ്-136’ ഡ്രോണുകൾ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ നാശം വിതയ്ക്കാൻ കഴിയുന്ന ഇത്തരം ഡ്രോണുകളുടെ കരുത്ത് മനസ്സിലാക്കിയ യുഎസ് സൈന്യം, അവയെ സൂക്ഷ്മമായി പഠിച്ചു. തുടർന്ന് യുഎസ് സൈനിക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവയെ പുനർനിർമ്മിക്കുകയായിരുന്നു.

ഇറാൻ നിർമ്മിത ശാഹെദ് ഡ്രോണുകളുടെ അതേ മാതൃകയിലാണ് ലൂക്കാസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) എയറോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവിയും ഇതേ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് തങ്ങളുടെ ശാഹെദ്-136 മോഡൽ പകർത്തിയാണ് ലൂക്കാസ് ഡ്രോണുകൾ നിർമ്മിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Source link

Related Articles

Back to top button