KAUMUDI

ചേരാനല്ലൂർ അപകടം: യൂട്യൂബ് കണ്ട് ഡ്രൈവിംഗ് പഠിച്ച ജഡ്ജിയുടെ മകന്റെ പാളിച്ചയിൽ പൊലിഞ്ഞത് അമൂല്യ ജീവൻ

അപകടത്തിൽപ്പെട്ട കാർ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിൽനിന്ന് 17 വയസ്സുള്ള കൗമാരക്കാരൻ കാറുമായി പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ 1.36-ഓടെ ശക്തമായ മഴയത്ത് വാഹനം ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച വൈകുന്നേരം മാത്രമേ താൻ ഉണരുകയുള്ളൂവെന്ന് സന്ദേശം അയച്ച ശേഷം മകൻ ഉറങ്ങാൻ കിടന്നതാണെന്നും, അവൻ കാർ എടുത്തുകൊണ്ടുപോയ വിവരം താൻ അറിഞ്ഞിട്ടില്ലെന്നുമാണ് കുട്ടിയുടെ പിതാവായ ജഡ്ജി പോലീസിന് നൽകിയ മൊഴി.

അതേസമയം, പ്രതിയായ കൗമാരക്കാരന്റെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനമോടിക്കാനുള്ള കൗതുകം കൊണ്ടാണ് ബെൻസ് എടുത്തതെന്നും, യൂട്യൂബ് വീഡിയോകൾ കണ്ട് താൻ ഡ്രൈവിംഗ് പഠിച്ചെന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം അന്വേഷണസംഘം പൂർണ്ണമായും തള്ളിക്കളയുകയാണ്.

മുൻപും കൗമാരക്കാരൻ വാഹനം ഓടിച്ചതിന്റെ തെളിവുകൾ ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലഭ്യമായിരുന്നു. എന്നാൽ അപകടത്തിന് തൊട്ടുപിന്നാലെ ഈ പോസ്റ്റുകൾ നീക്കം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിക്കുമ്പോൾ കൗമാരക്കാരൻ സ്വന്തം ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. 104 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചതെന്ന് ഈ വീഡിയോകളിൽനിന്ന് വ്യക്തമാകുന്നു. 2012 മോഡലിലുള്ള കറുത്ത ബെൻസ് കാർ 2022-ലാണ് ജഡ്ജി സ്വന്തമാക്കിയതെന്നാണ് വിവരം.

കൗമാരക്കാരനെതിരെ നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം കൈകാര്യം ചെയ്യാൻ അവസരം നൽകിയതിന്, വാഹനത്തിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് സംഘമായിരിക്കും കേസ് തുടർന്ന് അന്വേഷിക്കുക.

ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ചേരാനല്ലൂരിൽ ദാരുണമായ അപകടം സംഭവിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സൗത്ത് ചിറ്റൂർ നെല്ലുവേലിൽ പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) ആണ് അപകടത്തിൽ മരിച്ചത്. ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തിവരികയായിരുന്നു അദ്ദേഹം.


Source link

Related Articles

Back to top button