MANORAMA

ബിഷ്ണോയ് സംഘത്തിന്റെ റഡാറിൽ ആമിർ ഖാനും; അവസാന നിമിഷം തിരിഞ്ഞ നീക്കം, താരങ്ങളുടെ പട്ടികയും നീളുന്നു

മുംബൈ∙ നടൻ ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായ ലോറൻസ് ബിഷ്ണോയ് സംഘാംഗങ്ങൾ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രധാന ലക്ഷ്യം സൽമാൻ ഖാൻ ആയിരുന്നെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. സൽമാന്റെ വീടിന് കനത്ത സുരക്ഷയുണ്ടായിരുന്നതിനാൽ ആക്രമണ പദ്ധതി ഉപേക്ഷിച്ചതായും ഇതിനു പിന്നാലെയാണ് മറ്റ് താരങ്ങളെ ലക്ഷ്യമിട്ടതെന്നും അവർ മൊഴി നൽകി.

ഒക്ടോബർ 18-ന് വൈകുന്നേരം മുംബൈയിലെ ജുഹുവിലാണ് ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പുണ്ടായത്. ഗ്ലാസ് താഴ്ത്തി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. നടന് വെടിയേറ്റില്ല. പിന്നീട് വിവിധ സ്ഥലങ്ങളിൽനിന്ന് പ്രതികളെ പിടികൂടി. അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

Source link

Related Articles

Back to top button