മേൽശാന്തി അഭിമുഖം:2 പേരെ കൂടി ഉൾപ്പെടുത്തണം

കൊച്ചി: ശബരിമല – മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖത്തിൽ രണ്ട് പേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. എറണാകുളം സ്വദേശികളായ ടി.എസ്. വിഷ്ണു നമ്പൂതിരി, ടി.പി. ഹരി നമ്പൂതിരി എന്നിവരെ ഉൾപ്പെടുത്താനാണ് ഇവരുടെ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിശ്ചിത യോഗ്യതയുണ്ടായിട്ടും അഭിമുഖത്തിന് വിളിച്ചില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെയടക്കം വിശദീകരണം തേടിയ കോടതി വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത ദേവസ്വം ബോർഡ് ഹാളിലാണ് അഭിമുഖം. മേൽശാന്തി നിയമനത്തിനായി ശബരിമല – 48, മാളികപ്പുറം – 30 എന്നിങ്ങനെയായിരുന്നു ഇത്തവണ ലഭിച്ച അപേക്ഷകളുടെ എണ്ണം. വിജിലൻസ് അന്വേഷണത്തിന് ശേഷം ശബരിമലയിലേക്ക് അഞ്ചു പേരെയും മാളികപ്പുറത്തേക്ക് മൂന്നു പേരെയുമാണ് അഭിമുഖത്തിന് ശുപാർശ ചെയ്തിരുന്നത്.
Source link



