ശബരിമല മേൽശാന്തി നിയമനം പ്രവൃത്തി പരിചയം 5 വർഷമായി ചുരുക്കാൻ ബോർഡ്

തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിക്കാർക്കും ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി നിയമിക്കപ്പെടുന്നതിന് നിലവിലെ മാനദണ്ഡത്തിൽ മാറ്റം വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഏതെങ്കിലും ക്ഷേത്രത്തിൽ തുടർച്ചയായി പത്തുവർഷം മേൽശാന്തിയായി പ്രവർത്തിച്ചിരിക്കണമെന്ന നിബന്ധന അഞ്ചുകൊല്ലമായി ചുരുക്കും. അത് തുടർച്ചയായി വേണമെന്നുമില്ല. അടുത്ത ബോർഡ് യോഗം ഇത് പരിഗണിക്കും. ഹൈക്കോടതിയുടെ അനുമതിയോടെയാകും മാറ്റം വരുത്തുക.
ഏതെങ്കിലും ക്ഷേത്രത്തിൽ പൂജാരിയായി കുറഞ്ഞത് 12 വർഷത്തെ പരിചയവും ഇതിൽ 10 വർഷം തുടർച്ചയായി മൂന്ന് പൂജകളെങ്കിലുമുള്ള ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരിക്കണം എന്നതാണ് ശബരിമല/മാളികപ്പുറം മേൽശാന്തിയാകാനുള്ള നിലവിലെ മാനദണ്ഡം. ദേവസ്വം ബോർഡിതര ക്ഷേത്രങ്ങളിലെ ശാന്തിക്കാർക്ക് മാത്രമേ ഇതനുസരിച്ച് അപേക്ഷിക്കാനാവൂ.
ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓരോ വർഷവും സ്ഥലംമാറ്റം നടത്താറുണ്ട്. ഒരു ക്ഷേത്രത്തിലെ മേൽശാന്തി അടുത്ത വർഷം മറ്റൊരു വലിയ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി നിയമിക്കപ്പെടാം. മൂന്നുതവണ പൂജയുള്ള ക്ഷേത്രങ്ങളിൽ തുടർച്ചയായി 10 വർഷം മേൽശാന്തിയാകാൻ അപൂർവമായേ അവസരം ലഭിക്കൂ.
ഇതുകാരണം ബോർഡിലെ മുതിർന്ന ശാന്തിക്കാർക്ക് പോലും അപേക്ഷിക്കാനാവുന്നില്ല. വർഷങ്ങളായി ശബരിമല, മാളികപ്പുറം മേൽശാന്തി പട്ടികയിൽ ദേവസ്വം ബോർഡ് ശാന്തിക്കാർ ഉൾപ്പെട്ടിട്ടില്ല. 10 വർഷം മേൽശാന്തിയായിരിക്കണം എന്നത് മൂന്നുനേരം പൂജയുള്ള ക്ഷേത്രങ്ങളിൽ 5 വർഷമായി ചുരുക്കുമ്പോൾ അവർക്കും അപേക്ഷിക്കാനാകും. കൂടുതൽ അപേക്ഷകളും ലഭിക്കും.
ചുരുക്കപ്പട്ടിക ‘ചുരുങ്ങി’
ഇത്തവണ ശബരിമലയിലേക്ക് 48 പേരും മാളികപ്പുറത്തേക്ക് 30 പേരുമാണ് അപേക്ഷിച്ചത്. 10 വർഷം തുടർച്ചയായി മേൽശാന്തിയായിരിക്കണം എന്ന നിബന്ധനയിൽ പരിശോധന കർശനമാക്കിയതോടെ ചുരുക്കപ്പട്ടികയിൽ യഥാക്രമം അഞ്ചും മൂന്നുപേർ മാത്രമാണ് ഇടംപിടിച്ചത്.
”അടുത്ത വർഷം എന്തായാലും മാനദണ്ഡങ്ങൾ മാറ്റും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും വലിയ ക്ഷേത്രത്തിൽ ശാന്തിക്കാരനാകാൻ ബോർഡിലെ ജീവനക്കാർക്കും അവസരം ലഭിക്കണം
-കെ.ജയകുമാർ, പ്രസിഡന്റ്,
തിരു. ദേവസ്വം ബോർഡ്
Source link



