KAUMUDI

അവധി ആഘോഷിക്കാൻ യാത്രയ്ക്ക് ഒരുങ്ങുകയാണോ ,​ വിമാന ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധന

CORONA,FLIGHT,FINANCE

കൊച്ചി: ഉത്സവകാലവും വർഷാന്ത്യ അവധിയും അടുത്തതോടെ രാജ്യത്തെ വിമാന നിരക്കിലെ വൻ വർദ്ധന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എ.ടി.എഫ് വിലക്കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ അവധി ആഘോഷിക്കാൻ യാത്രയ്ക്ക് ഒരുങ്ങുന്നവരാണ് വലയുന്നത്. പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 68 ശതമാനം വരെ ഉയർന്നു. യാത്രക്കാരുടെ ഡിമാൻഡ് ഏറുന്നതിനിടെ ചില റൂട്ടുകളിൽ വിമാന സർവീസുകൾ കുറച്ചതും തിരിച്ചടിയായി.

സെപ്തംബർ ഒന്ന് മുതൽ നവംബർ 10 വരെയുള്ള യാത്രകൾക്കുള്ള ശരാശരി ഏകദിശ നിരക്കിൽ ഡെൽഹി- കൊച്ചി റൂട്ടിൽ 50 ശതമാനത്തിലധികം വർദ്ധനയുണ്ട്. യാത്രാ പോർട്ടലുകളിലെ കണക്കുകളനുസരിച്ച് ഇക്കാലയളവിൽ വിവിധ കമ്പനികളുടെ നിരക്ക് 28,000 രൂപ വരെ ഉയർന്നു. യാത്രാ ദിവസത്തിനോട് അടുക്കുമ്പോൾ നിരക്കിൽ 20 ശതമാനം വരെ വർദ്ധന ഉണ്ടായേക്കുമെന്ന് ട്രാവൽ ഓപ്പറേറ്റർമാർ പറയുന്നു.

സർവീസുകൾ കുറയുന്നു

ഒക്‌ടോബർ മുതൽ ഡിസംബർ വരെ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം അഞ്ച് ശതമാനം ഇടിഞ്ഞപ്പോൾ സീറ്റുകളുടെ ലഭ്യത 1.2 ശതമാനമാണ് കുറഞ്ഞത്. വലിയ വിമാനങ്ങൾ ഉപയോഗിച്ച് സീറ്റുകളുടെ എണ്ണം നിലനിറുത്തുന്നുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ കുറയുകയാണ്. കേരളത്തിൽ നിന്ന് ഡൽഹി, മുംബയ്. ബംഗളൂരു സർവീസുകൾക്ക് ബുക്കിംഗും തിരച്ചിലും ഉയർന്നതായും യാത്ര പ്ളാറ്റ്‌ഫോമുകൾ വ്യക്തമാക്കുന്നു.

ഇന്ധന സർച്ചാർജ് വർദ്ധിപ്പിച്ച് ഇൻഡിഗോ

ഏവിയേഷൻ ഫ്യൂവൽ(എ.ടി.എഫ്) വിലയിലെ വർദ്ധനയുടെ പശ്ചാത്തലത്തിൽ പ്രമുഖ എയർലൈനായ ഇൻഡിഗോ ഒക്ടോബർ ആറ് മുതൽ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഇന്ധന സർച്ചാർജ് വർദ്ധിപ്പിച്ചു. ആഭ്യന്തര യാത്രയിൽ ദൂരം അനുസരിച്ച് 375 മുതൽ 1,300 രൂപ വരെ അധികമായി ഈടാക്കും, 500 കിലോമീറ്റർ വരെ 375 രൂപയും 500 മുതൽ ആയിരം കിലോമീറ്റർ വരെ 600 രൂപയും 1,000 മുതൽ 1,500 കിലോമീറ്റർ വരെ 900 രൂപയും നൽകണം. 2,000 വരെ കിലോമീറ്ററിന് 1,150 രൂപയും അതിന് മുകളിൽ 1,300 രൂപയുമാണ് ചാർജ്.

ഒക്ടോബർ ഒന്നിന് എ.ടി.എഫ് വില ലിറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർത്തിയിരുന്നു.

എയർലൈനിന്റെ പ്രവർത്തനച്ചെലവിലെ ഇന്ധന വിലയുടെ വിഹിതം

30 മുതൽ 40 ശതമാനം വരെ


Source link

Related Articles

Back to top button