ചിക്കൻഗുനിയ പ്രതിരോധം ശക്തമാക്കാൻ വീടുകൾതോറും പരിശോധന; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കൊതുക്
തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ നേരിട്ട് ഭവനങ്ങളിൽ സന്ദർശനം നടത്തി പരിശോധന നടത്തുന്ന സമ്പ്രദായം തിരികെ കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ വെച്ച് ‘ആരോഗ്യകവചം 2026’ എന്ന ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗബാധ സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ മാത്രം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനുപകരം എല്ലാ വീടുകളിലും ആശാ പ്രവർത്തകരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ നേരിട്ടെത്തി പ്രതിരോധ പരിശോധനകളും അവബോധ പ്രവർത്തനങ്ങളും കർശനമാക്കണം. രോഗലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് മികച്ച ചികിത്സ ലഭ്യമാക്കിയാൽ പകർച്ചവ്യാടികളുടെ വ്യാപനം വിജയകരമായി തടയാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്യാമ്പിലൂടെ രോഗം കണ്ടെത്തുന്ന വ്യക്തികൾക്ക് ആവശ്യമുള്ള തുടർപരിശോധനകളും വിദഗ്ധ വൈദ്യസഹായവും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനുള്ള ആയുർവേദ മാർഗ്ഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വട്ടിയൂർക്കാവ് കൗൺസിലർ അഡ്വ. നന്ദഭാർഗ്ഗവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ) ഡോ. സീബ എസ്. ബാലകൃഷ്ണൻ, ജനപ്രതിനിധികളായ ആരോമൽ കെ. ജി, ദിനേഷ് കുമാർ, അനിത, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇന്ദു ജി. കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. നിഷ, ഡോ. ആനന്ദ് കെ. ജി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
Source link



