ബംഗാളിലും അസമിലും താമര വിരിയുന്നു; തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ തരംഗം, ചിത്രത്തിലില്ലാതെ ഇടതുപക്ഷം

ചെന്നൈ/കൊൽക്കത്ത∙ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കും ടിവികെയ്ക്കും മിന്നുന്ന വിജയം. അസമിലെ നഗോണ്‍ ലോക്സഭാ മണ്ഡലം ബിജെപി പിടിച്ചെടുത്തപ്പോൾ, പശ്ചിമ ബംഗാളിലും താമരവിരുദ്ധ തരംഗം ഒഴിവാക്കാനായി. ബംഗാളിലെ നന്ദിഗ്രാമിലും റെജി നഗറിലും ബിജെപി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിലാണ് വിജയം ആവർത്തിച്ചത്.
അതേസമയം, തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മുന്നിൽ നിന്ന് നയിച്ച ഉപതിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ കോട്ടകൾ ടിവികെ പിടിച്ചെടുത്തു. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവുകളിൽ നടന്ന മത്സരത്തിൽ ഇരുസീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയം സ്വന്തമാക്കിയത്. രണ്ടിടത്തും അണ്ണാഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിന് വലിയ തിരിച്ചടിയായി.
മണ്ഡലങ്ങളിലെ മുക്കിലും മൂലയിലുമെത്തി മുഖ്യമന്ത്രി നേരിട്ടു നടത്തിയ ശക്തമായ പ്രചാരണമാണ് ടിവികെയ്ക്ക് തുണയായത്. അണ്ണാഡിഎംകെയിൽ നിന്ന് രാജിവെച്ച് ടിവികെയിലൂടെ ജനവിധി തേടിയവരെച്ചൊല്ലി പ്രതിപക്ഷം ‘കുതിരക്കച്ചവടം’ ആരോപിച്ചെങ്കിലും, കഴിഞ്ഞ ഏപ്രിലിലെ ടിവികെ തരംഗം ആവർത്തിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷി ജയിക്കുന്ന ചരിത്രം ഇത്തവണയും തെറ്റിയില്ല. ടിവികെ വിജയിച്ച രണ്ട് മണ്ഡലങ്ങളും എസ്‌സി സംവരണ സീറ്റുകളാണെന്നതും ശ്രദ്ധേയമാണ്.
ചെങ്കൽപ്പെട്ട് ജില്ലയിലെ മധുരാന്തകത്ത് ടിവികെ സ്ഥാനാർഥി മരഗതം കുമരവേൽ 57,994 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഡിഎംകെ സ്ഥാനാർഥി ഐ. പരന്താമനാണ് ഇവിടെ രണ്ടാമതെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ വിജയിച്ച അണ്ണാഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ, പാർട്ടി വോട്ടുകൾ ടിവികെയിലേക്ക് ചോർന്നുവെന്ന വാദത്തിന് ബലം കൂടിയിരിക്കുകയാണ്. മുതിർന്ന നേതാവ് എസ്. കനിതാ സമ്പത്താണ് അണ്ണാഡിഎംകെക്കായി ഇവിടെ പോരിറങ്ങിയത്. 285 ബൂത്തുകളിലായി ആകെ 2,13,788 വോട്ടർമാരുള്ള മണ്ഡലത്തിൽ 86.26 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
Source link




