KAUMUDI

മന്ത്രിമാരെ സ്വാധീനിക്കുമോയെന്ന ഭീതിയിൽ ശശികലയുടെ അധിക്ഷേപം; അട്ടിമറിക്കാൻ നീക്കമെന്ന് ഗോപികയുടെ കുടുംബം

ഗോപികയും കുടുംബവും

കൊച്ചി: നെടുമ്പാശേരിയിൽ നടന്ന വാഹനാപകടക്കേസ് അട്ടിമറിക്കാനും കുറ്റവാളിയെ രക്ഷിച്ചെടുക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മരിച്ച ഗോപികയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കടുത്ത കുറ്റകൃത്യം ചെയ്തിട്ടും പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയ നടപടിയിൽ കടുത്ത ആശങ്കയുണ്ടെന്നും തങ്ങൾക്ക് നീതി ലഭിക്കുമോ എന്ന് സംശയമാണെന്നും കുടുംബം വ്യക്തമാക്കി.

‘വലിയൊരു കുറ്റം ചെയ്തിട്ടും പ്രതിയെ ബാലഭവനത്തിലേക്ക് അയച്ചത് കേസ് വഴിതിരിച്ചുവിടാനാണെന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങൾക്ക് ന്യായമായ നീതി കിട്ടുമോ എന്ന കാര്യത്തിൽ ഭയമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടാവുന്നത്. ഉന്നതങ്ങളിൽ നിന്ന് അവർക്ക് മേൽ സമ്മർദ്ദങ്ങൾ ഉണ്ടെന്നറിയുന്നു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ആളാണ് പ്രതി. രണ്ട് മന്ത്രിമാർ ഉള്ള പ്രദേശമാണിത്. അതിനാൽ തന്നെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങൾ ഉപയോഗിക്കപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ എന്റെ മകളെയും ഞങ്ങളുടെ കുടുംബത്തെ മൊത്തമായും വളരെ മോശമായ രീതിയിലാണ് അപമാനിക്കുന്നത്. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ അടക്കമുള്ളവർ ഇത്തരത്തിൽ അധിക്ഷേപം ചൊരിയുന്നുണ്ട്. കെ.എം.എം കോളേജിലെ വൈസ് ചെയർപേഴ്സൺ ആയിരുന്നു എന്റെ മകൾ. അഞ്ച് വർഷത്തോളമായി എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകയായും പ്രവർത്തിച്ചിരുന്നു. ഞങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണങ്ങൾ. പ്രതിഭാഗവുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ ശക്തമായി സംശയിക്കുന്നു.

അപകടസമയത്ത് പ്രതി മദ്യം കഴിച്ചിരുന്നു എന്ന വിവരം എഫ്.ഐ.ആറിൽ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം തുന്നിക്കെട്ടിയ ശേഷവും, വീണ്ടും തയ്യൽ പൊട്ടിച്ച് രക്തസാമ്പിൾ പരിശോധന നടത്തി. കേസിൽ എന്തെങ്കിലും തിരിമറികൾ നടത്തുന്നതിനായാണോ ഇത് ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’- ഗോപികയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടി ഓട്ടോ ഡ്രൈവറായ എം.ആർ. പ്രദീപ്കുമാറിന്റെ മകളാണ് ഗോപിക.

വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്ററായ സന്തോഷിന്റെ മകൾ ദേവിക, കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് ഈ അപകടത്തിൽ ജീവൻ നഷ്ടമായ മറ്റ് രണ്ട് പേർ. ‘ഇഹ ഡിസൈൻസ്’ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ചെയർമാൻ സജീവിന്റെയും സ്ഥാപനത്തിന്റെ എം.ഡിയായ പുഞ്ചപ്പാടത്ത് നൂഹയുടെയും മകനായ സുഹൈൽ സജീവാണ് ഈ കേസിലെ ഒന്നാം പ്രതി.

                        English Summary

                            The family of Gopika, who died in the Nedumbassery accident, has alleged attempts to derail the investigation and protect the accused, Suhail Sajeev. They expressed concern over his transfer to a juvenile home despite the seriousness of the alleged offence, citing police lapses and suspected external pressure. The family fears they may not receive justice.                            
                    RELATED TOPICS: MINI COOPER ACCIDENT, KAKKANAD ACCIDENT, SUHAIL SAJEEV, NEDUMBASSERY ACCIDENT

Source link

Related Articles

Back to top button