MANORAMA

പ്രവാസി മ്യൂച്വൽ ഫണ്ട് വിൽപ്പനയ്ക്കും മകന്റെ എഫ്ഡിക്കും നികുതി ബാധകമോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ടുകളും വിദേശത്തേക്ക് പണമയക്കലും സംബന്ധിച്ച പുതിയ നികുതി നിർദേശങ്ങൾ പ്രവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രവാസി മ്യൂച്വൽ ഫണ്ട് വിറ്റാൽ നികുതി ഈടാക്കുമോ? മകന്റെ പഠനാവശ്യത്തിനായി വിദേശത്തേക്ക് പണം അയച്ചാൽ നികുതി നൽകേണ്ടി വരുമോ? തുടങ്ങിയ നിരവധി സംശയങ്ങളാണ് പലരുടെയും ഭാഗത്തുനിന്നും ഉയരുന്നത്. ഇവയ്ക്കുള്ള കൃത്യമായ ഉത്തരങ്ങൾ താഴെ നൽകുന്നു.

ചോദ്യം: എൻ.ആർ.ഐ (NRI) പദവിയിൽ കഴിഞ്ഞ ആറു വർഷമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിവരുന്നുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഇതിൽനിന്ന് 7 ലക്ഷം രൂപ പിൻവലിക്കാൻ ഉദ്ദേശിക്കുന്നു. ഇതിന് ടി.ഡി.എസ് (TDS) ഈടാക്കുമോ? എങ്കിൽ എത്രയാണ് നിരക്ക്? മൂലധന നേട്ടത്തിനുള്ള 1.5 ലക്ഷത്തിന്റെ ഇളവ് പ്രവാസികൾക്ക് ലഭിക്കില്ലേ?

ഉത്തരം: പ്രവാസികൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് 12.5% നിരക്കിൽ ടി.ഡി.എസ് ബാധകമാണ്. അതേസമയം, ഇക്വിറ്റി ഫണ്ട് വിൽപനയിലൂടെ ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടത്തിന് (LTCG) നാട്ടിലെ നിക്ഷേപകരെപ്പോലെ തന്നെ പ്രവാസികൾക്കും 1.25 ലക്ഷം രൂപയുടെ ഇളവ് ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, ഫണ്ട് വിൽക്കുമ്പോൾ ടി.ഡി.എസ് പിടിക്കുമ്പോൾ ഈ ഇളവ് ബാങ്കുകളോ ഫണ്ട് ഹൗസുകളോ പരിഗണിക്കാറില്ല. പിന്നീട് ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുമ്പോൾ ഈ തുക ക്ലെയിം ചെയ്ത് തിരിച്ചുവാങ്ങാവുന്നതാണ്.

ചോദ്യം: മകന്റെ പേരിൽ നിക്ഷേപിച്ചിരുന്ന ഫിക്സഡ് ഡിപ്പോസിറ്റിൽ (FD) നിന്ന് പണം പിൻവലിച്ച് അവന്റെ ഉപരിപഠനത്തിനായി വിദേശത്തേക്ക് അയച്ചാൽ നികുതി ഈടാക്കുമോ?

ഉത്തരം: വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം അയക്കുമ്പോൾ ടി.സി.എസ് (TCS – Tax Collected at Source) ബാധകമാണ്. ഒരു സാമ്പത്തിക വർഷം 10 ലക്ഷം രൂപയിൽ കൂടുതൽ വിദേശത്തേക്ക് അയക്കുകയാണെങ്കിൽ 2 ശതമാനമാണ് ടി.സി.എസ് ഈടാക്കുക. എന്നാൽ 10 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് ടി.സി.എസ് ബാധകമല്ല. കൂടാതെ, അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താണ് പണം വിദേശത്തേക്ക് അയക്കുന്നതെങ്കിൽ ഈ നിരക്ക് വെറും 0.5% മാത്രമായിരിക്കും.

(മലയാള മനോരമ സമ്പാദ്യം 2026 ഒക്ടോബർ ലക്കത്തിൽ നിന്ന്. നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും 9207749142 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യൂ)


Source link

Related Articles

Back to top button