MANORAMA

തിരഞ്ഞെടുപ്പ് കമ്മഷനെതിരായ പരാതിയുമായി ഇന്ത്യാ മുന്നണി രാഷ്ട്രപതിയെ കണ്ടു; ഹർജി പരിശോധിച്ച് നടപടിയെന്ന് ഉറപ്പ്

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ശക്തമായ തെളിവുകൾ ഹാജരാക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ആവശ്യപ്പെട്ടതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ത്യാ’ മുന്നണി നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു ചർച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിലെ നേതാക്കൾ ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് ഔദ്യോഗിക നിവേദനവും സമർപ്പിച്ചു.

അതേസമയം, രാഷ്ട്രപതി ഭവനിലേക്ക് ‘ഇന്ത്യാ’ സഖ്യം നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായി. മാർച്ച് ഡൽഹി പൊലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനപഥ്-കർത്തവ്യ പഥ് ജംക്‌ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ വെള്ളിയാഴ്ച രാത്രി പത്തു മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ പൊലീസ് ഉത്തരവിട്ടു.

രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ‘ഇന്ത്യാ’ മുന്നണിയിലെ പത്തോളം പ്രമുഖ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.


Source link

Related Articles

Back to top button