KAUMUDI

ജനങ്ങളുടെ ഹൃദയം കവർന്ന രാജ്ഭവൻ നാഥൻ ആർ.വി. ആർലേക്കർ

തിരുവനന്തപുരം: കേരളീയനല്ലെങ്കിലും നാടിന്റെ ഹൃദയത്തോട് ഏറെ ചേർന്നുനിന്ന വ്യക്തിത്വമായിരുന്നു തമിഴ്നാട്ടിലേക്ക് പുതിയ ചുമതലയേറ്റ് പോകുന്ന ഗവർണർ ആർ.വി. ആർലേക്കർ. മുൻഗാമിയായ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ വർഷം ജനുവരി രണ്ടിന് പടിയിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ആർലേക്കർ കേരളത്തിന്റെ തലപ്പത്തെത്തുന്നത്.

സർക്കാരുമായി നിരന്തരം അസ്വാരസ്യങ്ങളിലാവുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ രീതികൾ പിണറായി വിജയൻ സർക്കാരിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വിഭിന്നമായി സൗമ്യമായ പെരുമാറ്റമായിരുന്നു ആർലേക്കറുടേത്. സ്വന്തം അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും ഉറച്ചുനിൽക്കുമ്പോഴും ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ആരുമായും തുറന്ന പോരിന് അദ്ദേഹം മുതിർന്നില്ല.

ഓണക്കാലത്ത് രാജ്ഭവനിൽ പച്ചക്കറി കൃഷി ചെയ്ത് മാതൃകയായി. വിളവെടുപ്പ് നടത്തിയ അദ്ദേഹം അത് മുഴുവൻ ജീവനക്കാർക്കും സമ്മാനിച്ചു. കേരളം കണ്ട ആദ്യ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അവിടെ സ്ഥാപിച്ചു. രാജ്ഭവനിൽ തുഞ്ചൻ സ്മൃതി ഗ്രന്ഥശാല ആരംഭിക്കുകയും ‘രാജഹംസം’ എന്ന പേരിൽ ഒരു ത്രൈമാസിക പുറത്തിറക്കുകയും ചെയ്തു. പൊതുജനങ്ങൾക്കായി പ്രഭാഷണ പരമ്പരകളും രാജ്ഭവനിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങും സംഘടിപ്പിച്ചു. ഇത്തരത്തിൽ രാജ്ഭവനെ സാധാരണക്കാരുടെ ഇടത്തിലേക്ക് മാറ്റിമറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാൽ ഭരണപരമായ കാര്യങ്ങളിൽ സർക്കാരുമായി ഒരു ഒത്തുതീർപ്പിനും അദ്ദേഹം മുതിർന്നില്ല. മൂന്ന് തവണ നയപ്രഖ്യാപന പ്രസംഗം നടത്തിയ അദ്ദേഹം, അതിൽ സർക്കാരിന്റെ കേന്ദ്രവിരുദ്ധ പരാമർശങ്ങളുള്ള ഭാഗങ്ങൾ സൗമ്യമായി ഒഴിവാക്കുകയാണുണ്ടായത്. സർവകലാശാലകളിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥകൾ ഒഴിവാക്കാനും അദ്ദേഹം ശ്രദ്ധചെലുത്തി. പിണറായി സർക്കാരുമായി വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം ഇടപഴകിയത്. അതേസമയം, വന്ദേമാതരം, ഭാരത് മാത തുടങ്ങിയ വിഷയങ്ങളിലെ വിവാദങ്ങളിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു.

ഇരുപത്തിരണ്ട് മാസത്തെ കേരളത്തിലെ സേവനത്തിന് ശേഷം മടങ്ങുമ്പോൾ, രണ്ട് കാര്യങ്ങൾ മാത്രം അദ്ദേഹത്തിന് പൂർത്തിയാക്കാനാകാതെ വന്നു. രാജ്ഭവനിൽ അത്യാധുനിക കൺവെൻഷൻ സെന്റർ നിർമ്മിക്കുക എന്ന പദ്ധതിയും, ശ്രീനാരായണ ഗുരുവിന്റെയും ആദിശങ്കരന്റെയും പ്രതിമകൾ രാജ്ഭവനിൽ സ്ഥാപിക്കണമെന്ന ആഗ്രഹവുമായിരുന്നു അവ. ഈ പദ്ധതികൾക്ക് തുടക്കമിടാൻ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുന്നത്.


Source link

Related Articles

Back to top button