പോക്സോ കേസ് പ്രതി ലോക്കപ്പിൽ നിന്ന് ചാടിപ്പോയി

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സജിത്തിന്റെ വീടിന് സമീപം താമസിക്കുന്ന പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്. എന്നാൽ ഇവിടെ ലോക്കപ്പ് സൗകര്യം ഇല്ലാതിരുന്നതിനാൽ, മുറിയുടെ തറയിൽ ഉറപ്പിച്ചിരുന്ന ഇരുമ്പ് കമ്പിയിലാണ് പ്രതിയുടെ കൈവിലങ്ങ് ബന്ധിപ്പിച്ചിരുന്നത്. വിലങ്ങ് ഈ കമ്പിയിൽ കേവലം കൊളുത്തിയിടുക മാത്രമാണ് ചെയ്തിരുന്നത്.
രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ വെട്ടിച്ച് വിലങ്ങ് അഴിച്ചുമാറ്റിയ ഇയാൾ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. പാറാവിലുണ്ടായിരുന്ന പോലീസുകാരൻ ഉൾപ്പെടെയുള്ളവർ പിന്നാലെ ഓടിയെങ്കിലും ഇയാളെ കീഴ്പെടുത്താൻ സാധിച്ചില്ല. സ്റ്റേഷനിൽ നിന്ന് തിരുവല്ല – കായംകുളം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തോട് ചേർന്നുള്ള കാട്ടിലേക്ക് ആണ് ഇയാൾ ഓടിക്കയറിയത്. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
Source link



