മെസ്സി വിവാദത്തിന് പിന്നാലെ നടുക്കുന്ന കണക്കുകൾ: രണ്ട് വർഷത്തിനിടെ ഒഴുകിയത് 1098 കോടി, ആറ് ബാങ്ക് അക്കൗണ്ടുകൾ നിഗൂഢമെന്ന് എസ്‌ഐടി

തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിന്റെ മറവിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) കോടികളുടെ തട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക കണ്ടെത്തൽ. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സ്പോൺസറുടെ ഏഴ് ബാങ്ക് അക്കൗണ്ടുകൾ വഴി 1098 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ നടന്നതായി വ്യക്തമാക്കുന്നത്. ഇതിൽ ആറു അക്കൗണ്ടുകളും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്തവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അർജന്റീന സന്ദർശനത്തിന്റെ മറവിൽ നടന്ന ഈ സ്പോൺസർഷിപ്പ് അഴിനിയെക്കുറിച്ചുള്ള എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞയാഴ്ചയാണ് സർക്കാരിന് കൈമാറിയത്. സ്പോൺസർമാർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്ത മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് റിപ്പോർട്ടിൽ ശക്തമായ ശുപാർശയുണ്ട്. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെ സർക്കാർ ഭാഗത്തുനിന്ന് ഔദ്യോഗിക തുടർനടപടികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
കമ്പനി കാര്യാലയം (ആർഒസി), ജിഎസ്ടി, ആദായനികുതി വകുപ്പ് എന്നിവയ്ക്ക് നൽകിയ രേഖകൾ പ്രകാരം കാക്കനാട്ടെ എസ്ബിഐ ശാഖയിൽ ഒരു അക്കൗണ്ട് മാത്രമാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുള്ളതെന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാൽ, കമ്പനിയുടെ പേരിൽ മറ്റു ബാങ്കുകളിലായി രഹസ്യമായി സൂക്ഷിച്ചിരുന്ന മറ്റു ആറു അക്കൗണ്ടുകൾകൂടിയുണ്ടെന്ന് ജിഎസ്ടി വകുപ്പ് നേരത്തെ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഏഴ് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ എസ്‌ഐടിക്ക് ലഭിച്ചത്.
ഈ അക്കൗണ്ടുകളിലേക്ക് എത്തുന്ന ഭീമമായ തുകകൾ ഒട്ടും വൈകാതെ തന്നെ മറ്റ് വ്യക്തികളുടെയും വിവിധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന പരാമർശം. മാത്രമല്ല, ആർബിസിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുഎസ് ഡോളറായും ഓസ്ട്രേലിയൻ ഡോളറായും വിദേശ രാജ്യങ്ങളിൽനിന്ന് വൻതുക പണമായി പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ പേരിൽ നിലവിലുള്ള സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൊന്ന് അമേരിക്കയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്തിരുന്നതെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ട് പുറത്തുകൊണ്ടുവരുന്നു.
Source link




