KAUMUDI

സംസ്ഥാനത്ത് മൂവായിരത്തോളം അനധികൃത സ്പാകൾ; ലഹരിയും ഹണിട്രാപ്പും സജീവം

തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ അനുമതിലഭിക്കാതെ പ്രവർത്തിക്കുന്നത് മൂവായിരത്തോളം സ്പാ സ്ഥാപനങ്ങളാണ്. പൊലീസിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഈ ആശങ്കപ്പെടുത്തുന്ന യാഥാർത്ഥ്യം വെളിപ്പെട്ടിരിക്കുന്നത്. ചെറുകിട വ്യവസായത്തിന്റെ മറവിലോ ലൈസൻസ് പോലുമില്ലാതെയോ ആണ് ഇവ പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചുള്ള പരാതികളും വർദ്ധിച്ചുവരികയാണ്.

സ്ഥാപനങ്ങളിൽ മസാജ് ചെയ്യാനെത്തുന്നവരുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ബ്ലാക്ക്മെയിലിംഗും ഹണിട്രാപ്പും സജീവമാണ്. ഇതിനോടൊപ്പം ലഹരിവസ്തുക്കളുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാകളിലെ പ്രത്യേക വിഭാഗങ്ങളിലാണ് ലൈംഗിക ചൂഷണം, ഹണിട്രാപ്പ്, മയക്കുമരുന്ന് കച്ചവടം എന്നിവ വ്യാപകമായി അരങ്ങേറുന്നത്.

യഥാർത്ഥത്തിൽ ‘വെൽനെസ്’ ചികിത്സ നൽകുന്ന ഒട്ടനവധി അംഗീകൃത സ്പാകൾ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ ലൈസൻസും യോഗ്യതയുള്ള ഡോക്ടർമാരും വിദഗ്ദ്ധ പരിശീലനം നേടിയ സ്റ്റാഫുകളും അവിടെയുണ്ടാകും. കൊച്ചി നഗരത്തിൽ അഞ്ഞൂറോളവും തലസ്ഥാനത്ത് ഇരുനൂറിലധികം ഇത്തരം സ്പാകളുമുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കോവളം, വർക്കല, വിഴിഞ്ഞം എന്നീ ടൂറിസം കേന്ദ്രങ്ങളിലാണ് സ്പാനടത്തിപ്പ് കൂടുതലുള്ളത്. ഇതിൽ ഭൂരിഭാഗം അനധികൃത സ്പാകളും പ്രവർത്തിക്കുന്നത് ഫ്ലാറ്റുകളിലും റസിഡൻഷ്യൽ വീടുകളിലുമാണ്. സോഷ്യൽ മീഡിയയിലൂടെ പരസ്യങ്ങൾ നൽകിയാണ് യുവതികളെ ഇവിടേക്ക് ജോലിക്കായി ആകർഷിക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് നിർബന്ധിക്കും. സ്ഥാപനങ്ങളുടെ കവാടത്തിലും സ്വീകരണമുറിയിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന നിബന്ധനയും പലരും പാലിക്കുന്നില്ല.

മിക്കയിടങ്ങളിലും നിയമവിരുദ്ധമായ ക്രോസ് മസാജിംഗാണ് നടക്കുന്നത്. പുരുഷന്മാരെ പുരുഷ ജീവനക്കാരും സ്ത്രീകളെ സ്ത്രീ ജീവനക്കാരും മാത്രമെ മസാജ് ചെയ്യാവൂ എന്ന നിയമം കാറ്റിൽപ്പറത്തിയാണ് ക്രോസ് മസാജിംഗ് അരങ്ങേറുന്നത്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ തടഞ്ഞുവെക്കൽ, ബലാത്സംഗം, ലഹരിമരുന്ന് ഉപയോഗം, മനുഷ്യക്കടത്ത് തുടങ്ങിയ ഗൗരവമേറിയ വകുപ്പുകൾ പ്രകാരം കേസെടുക്കാവുന്നതാണ്.

ദൃശ്യങ്ങൾ പകർത്തി യുവതികളെ കുടുക്കുന്നു

1. ജോലി വാഗ്ദാനം നൽകി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ വരുതിയിലാക്കി ലഹരിമരുന്ന് നൽകിയ ശേഷം സ്വകാര്യ ദൃശ്യങ്ങൾ ഒളിപ്പിച്ചുപിടിച്ച് ഭീഷണിപ്പെടുത്തുന്നു. മസാജ് ചെയ്യുന്ന സമയത്തെ രംഗങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തും ചൂഷണം തുടർന്നുപോരുന്നു.

2. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ, തമിഴ്നാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള യുവതികളെയാണ് സ്പാകളിലേക്ക് ജോലിക്കായി എത്തിക്കുന്നത്. യാതൊരുവിധ മുൻപരിചയമോ പരിശീലനമോ ഇല്ലാത്തവരെയാണ് തെറാപ്പിസ്റ്റുകളായി നിയമിക്കുന്നത്.

3. ആയുഷ് വകുപ്പിന്റെ ഔദ്യോഗിക അംഗീകാരമുള്ള കോഴ്സുകൾ പാസ്സായവർക്ക് മാത്രമെ സ്പാ നടത്താനുള്ള ലൈസൻസ് അനുവദിക്കാവൂ. എന്നാൽ ഇതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന പ്രത്യേക സംഘങ്ങൾ തന്നെ സജീവമായുണ്ട്.

“സ്പാകളുടെ മറവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തലുകൾ, കൊള്ളയടികൾ, സെക്സ് റാക്കറ്റുകൾ എന്നിവ നടത്തുന്ന കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടടികൾ സ്വീകരിക്കുന്നതാണ്”.

-രമേശ് ചെന്നിത്തല,

ആഭ്യന്തരമന്ത്രി


Source link

Related Articles

Back to top button