മൈസൂരു ദസറയുടെ കാഴ്ചകൾ ഇനി വേറെ ലെവൽ; കംബളയും പഞ്ജിന കവായത്തുമായി ചരിത്രപ്രസിദ്ധമായ ആഘോഷത്തിലേക്ക് ഒരു യാത്ര പോയാലോ

മൈസൂരു കൊട്ടാരത്തിനടുത്ത റൗണ്ട് എബൗട്ടിൽനിന്ന് വലത്തോട്ടുള്ള റോഡിലേക്കു വണ്ടി കയറിയപ്പോഴേക്കും വലതുവശത്തുകൂടി ഒരു ബൈക്ക് വന്ന് വട്ടംചാടി. ‘സാർ, റൂംസ്… സൈറ്റ് സീയിങ്…’ ഞങ്ങൾ നിഷാദ് ബാഗിലേക്കുള്ള വഴിയേതാണെന്നു ചോദിച്ചു. മറുചോദ്യം കന്നടച്ചുവയുള്ള മലയാളത്തിൽ–‘കേരളത്തിൽ എവിടെയാ…?’ മലപ്പുറം എന്നു പറഞ്ഞപ്പോഴേക്കും ‘മലപ്പുറം… കുഞ്ഞാലിക്കുട്ടി…’ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരന്റെ പേരറിയുന്ന, മലയാളം സംസാരിക്കുന്ന കന്നടഡിഗനോ? ചോദിച്ചപ്പോൾ ആള് മൈസൂരുകാരൻ തന്നെ. ഖാലിദ്. ടൂറിസ്റ്റ് ഗൈഡാണ്. 14 വർഷമായി മലയാളികളെയടക്കം മൈസൂരു നഗരം ചുറ്റിക്കാണിച്ച് പഠിച്ചെടുത്തതാണ് നമ്മുടെ ഭാഷ. മൈസൂരുവിൽ കാണേണ്ടതും അറിയേണ്ടതും കഴിക്കേണ്ടതുമായതെല്ലാം ഒറ്റ ശ്വാസത്തിലയാൾ വിവരിച്ചു. ഇനി ഖാലിദിനെപ്പോലുള്ളവരുടെ കൊയ്ത്തുകാലമാണ്. മൈസൂരു ദസറയ്ക്ക് 11ന് തുടക്കമാകുകയാണ്.
ഇത്തവണത്തെ സ്പെഷൽ ‘കംബള’ (പോത്തോട്ടം)
തീയതി: 18, 19
വേദി: വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയ്ക്കു (വിടിയു) സമീപത്തെ മൈതാനം, സാത്ത്കള്ളി (മൈസൂർ പാലസിൽനിന്ന് 8.5 കി.മീ)
കർണാടകയുടെ നാടൻ കായികവിനോദം ദസറയിൽ ആദ്യമായാണ്. അതിനായി 2 ട്രാക്കുകളൊരുക്കുന്നുണ്ട്. കോൺക്രീറ്റിനു മേലേ പാറപ്പൊടി വിതറി അതിനു മുകളിൽ വെള്ളവും ചെളിയും നിറച്ചാണ് ട്രാക്കുകൾ തയാറാക്കുന്നത്. 300 മീറ്റർ നീളം. പോത്തുകളുടെ ജോഡിയെ ഓടിക്കും. കാളപ്പൂട്ട് പോലെ വട്ടത്തിലല്ല, നീളത്തിൽ. ടൈം ട്രയൽ മാതൃകയിൽ, ഏറ്റവും കുറഞ്ഞ സമയത്തെത്തുന്നവ ജയിക്കും. 600 ജോഡികൾ മത്സരിക്കുമെന്ന് സുരക്ഷയ്ക്കെത്തിയ പൊലീസുകാരൻ പറഞ്ഞു. കാഴ്ചക്കാർക്കായി ഗാലറിയും ഒരുങ്ങുന്നുണ്ട്.
എന്നും സ്പെഷൽ ജംബു (ജംബോ) സവാരി
തീയതി: 21ന് വൈകിട്ട് 4.35
വേദി: മൈസൂരു വൊഡയാർ കൊട്ടാരത്തിൽനിന്ന് ബന്നി മണ്ഡപം വരെ (5 കിലോമീറ്റർ)
മൈസൂരു ദസറയുടെ ഏറ്റവും വലിയ ആകർഷണം. അലങ്കാരങ്ങളുമായി 12 ആനകളുടെ ഘോഷയാത്ര. പ്രധാന ആനയുടെ പുറത്തു ചാമുണ്ഡേശ്വരി ദേവിയുടെ 750 കിലോഗ്രാം തൂക്കം വരുന്ന സ്വർണ വിഗ്രഹം. കൊട്ടാരത്തിലെ ബലരാമ കവാടത്തിൽനിന്നാരംഭിച്ച് കെ.ആർ.സർക്കിൾ, ദേവരാജ മാർക്കറ്റ്, സയ്യാജി റാവു റോഡ് എന്നിവ വഴി ബന്നി മണ്ഡപിൽ സമാപിക്കും. ഘോഷയാത്രയിൽ അൻപതിറെ ഭീമൻ പ്ലോട്ടുകളും കലാരൂപങ്ങളുമുണ്ടാകും. ഇത്തവണ അയൽസംസ്ഥാനങ്ങളുടെ പ്ലോട്ടുകളും. വൈകിട്ടാണ് ഘോഷയാത്രെങ്കിലും ശരിക്കു കാണണമെങ്കിൽ രാവിലെതന്നെ പാതയോരത്ത് ഇടംപിടിക്കേണ്ടി വരും. ജംബു സവാരിക്കുള്ള ആനകളെ മാസങ്ങൾക്കു മുൻപേ പരിശീലനത്തിനായി കൊട്ടാരത്തിലെത്തിച്ചിട്ടുണ്ട്. ആന പരിപാലകരെ കുടുംബത്തോടെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. അവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസം, കുടുംബത്തിന്റെ ആരോഗ്യം തുടങ്ങി എല്ലാ സൗകര്യങ്ങളും കൊട്ടാര പരിസരത്തൊരുക്കാറുണ്ടെന്ന് മലയാളി സമാജം പ്രവർത്തകൻ എം.സുരേഷ് ബാബു പറഞ്ഞു.
പന്തം ഷോ എന്ന പഞ്ജിന കവായത്ത്
തീയതി : 21ന് വൈകിട്ട് 7.30ന്
വേദി: ബന്നി മണ്ഡപം ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ട്
പഞ്ജിന കവായത്ത് (ടോർച്ച് ലൈറ്റ് പരേഡ്) എന്നാൽ പന്തം കൊളുത്തിയുള്ള അഭ്യാസവും പരേഡും. ടിക്കറ്റെടുക്കണം. ഇതിനു പുറമേ മോട്ടർ സൈക്കിൾ ഷോ, ബാൻഡ് മേളം, ലൈറ്റ് ഷോ, കുതിരപ്പട പ്രകടനം തുടങ്ങി രാത്രി 10 വരെ വിവിധ പരിപാടികളുണ്ടാകും. ഇതോടെയാണ് സമാപനവും. 20ന് വൈകിട്ട് 7ന് റാന്തൽ പരേഡുമുണ്ട്. 15 മുതൽ പഞ്ജിന കവായത്തിനുള്ള പരിശീലനം ഗ്രൗണ്ടിൽ നടക്കുമെന്ന് വേദിയുടെ ചുമതലയുള്ള സോമണ്ണ പറഞ്ഞു.
ആകാശച്ചിത്രങ്ങളുടെ ഡ്രോൺ ഷോ
തീയതി: 17, 18, 20, 21. രാത്രി 8
വേദി: ബന്നി മണ്ഡപം ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ട്
നൂറുകണക്കിനു ഡ്രോണുകൾ ആകാശത്തു ചിത്രം വരയ്ക്കുന്ന മനോഹരക്കാഴ്ചയാണിത്. ഒരു ചിത്രത്തിൽനിന്ന് ഡ്രോണുകൾ അതിവേഗം മറ്റൊന്നിലേക്ക് മാറുന്നതും അദ്ഭുതക്കാഴ്ച.
തിളങ്ങുന്ന കൊട്ടാരം, ലൈറ്റ് ഷോ
11 മുതൽ 21 വരെയുള്ള സന്ധ്യ മുതൽ വൊഡയാർ കൊട്ടാരം വെട്ടിത്തിളങ്ങും. ഒരു ലക്ഷം ബൾബുകൾ കൊണ്ടാണ് കൊട്ടാരം അലങ്കരിക്കുന്നത്. ലൈറ്റ് ഷോയുമുണ്ടാകും. ഈ കാഴ്ച ചാമുണ്ഡി മലയിൽ നിന്നാണെങ്കിൽ വല്ലാത്തൊരനുഭൂതിയാകും.
Source link




