KAUMUDI

സുരേഷ്ബാബുവിനെതിരെ കടുത്ത നടപടിക്ക് കളമൊരുങ്ങുന്നു; സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും

തിരുവനന്തപുരം/ പാലക്കാട്: മുൻ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന വിവിധ പരാതികൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ രൂപീകരിക്കും. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ നടപടി.

ഒരു വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന ആക്ഷേപമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സുരേഷ് ബാബുവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം ഉള്ളത്. ശക്തമായ അച്ചടക്ക നടപടി വേണമെന്നാണ് ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിട്ടുള്ളത്. മുൻകാലങ്ങളിലും അദ്ദേഹത്തിനെതിരെ സമാനമായ പരാതികൾ വന്നിരുന്നു. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും പരാതിക്കാരിയായ അഭിഭാഷക സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇതിനുപുറമേ, കൊഴിഞ്ഞാമ്പാറയിലെ പ്രവർത്തകരും പാർട്ടിയിലെ വിഭാഗീയത ചൂണ്ടിക്കാട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലാ പാർട്ടി ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ടുള്ള അഴിമതിയാരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഈ പരാതികളെല്ലാം സമഗ്രമായി പരിശോധിക്കാനാണ് പ്രത്യേക കമ്മീഷനെ നിയോഗിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും സുരേഷ് ബാബു ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായി തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മീഷനെ വെച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. മുൻപ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരേയും സമാനമായ നടപടിയാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൈക്കൊള്ളും. വിപുലീകരിച്ച ജില്ലാ കമ്മിറ്റികളുടെ യോഗങ്ങൾ അവസാനിച്ചതിനു ശേഷമാകും സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുക. മുൻ മന്ത്രി എം.ബി. രാജേഷ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയതോടെ പാലക്കാട്ടെ സംഘടനാ സമവാക്യങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. നേതൃത്വത്തിൽ നിന്ന് തഴയപ്പെട്ടവരും സുരേഷ് ബാബുവിനെ എതിർക്കുന്നവരും പുതിയ സാഹചര്യത്തിൽ ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.

എൻ.എൻ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പാർട്ടി നേതൃനിരയിലേക്ക് തിരിച്ചെത്തിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് സുരേഷ് ബാബുവാണെന്ന ആക്ഷേപം ശക്തമാണ്. സുരേഷ് ബാബുവിനെതിരെ കർശന നടപടി വേണമെന്നാണ് എം.ബി. രാജേഷിന്റെയും നിലപാട്.

 യുവതിയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങൾ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ വനിതാ അഭിഭാഷക നൽകിയിട്ടുള്ള പരാതിയിൽ അതിഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ഒരു സംഘടനാ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് അദ്ദേഹം അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ, കഴിഞ്ഞ ഒരു വർഷമായി ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നും പരാതിയിലുണ്ട്. പാർട്ടി തലത്തിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് വിശാല ജില്ലാ കമ്മിറ്റി യോഗത്തിന്റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ ലഭിച്ച വിവരങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചതായും, സ്വയം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതുകൂടാതെ റിയൽ എസ്റ്റേറ്റ്, സ്പിരിറ്റ് മാഫിയ എന്നിവരുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും സുരേഷ് ബാബുവിനെതിരെ ഉയർന്നിട്ടുണ്ട്.


Source link

Related Articles

Back to top button