ആലുവ പാലത്തിൽ ഇനി ഗതാഗതക്കുരുക്ക്; അറ്റകുറ്റപ്പണി കാരണം പത്ത് ദിവസം നിയന്ത്രണം

ആലുവയിലെ മാർത്താണ്ഡവർമ്മ പഴയ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 28 മുതൽ നവംബർ 6 വരെ പത്തു ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായി നിരോധിക്കും. ഇതിന്റെ ഭാഗമായി ആലുവയിൽ കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
തൃശൂർ ഭാഗത്തുനിന്ന് ആലുവ ലക്ഷ്യമാക്കി വരുന്ന ഗ്യാസ്, പെട്രോളിയം ടാങ്കറുകൾ, കണ്ടെയ്നറുകൾ, ടോറസ് ലോറികൾ തുടങ്ങിയ എല്ലാവിധ ഭാരവാഹനങ്ങളും അങ്കമാലിയിൽ നിന്ന് തിരിഞ്ഞ് കാലടി – പെരുമ്പാവൂർ വഴിയാണ് പോകേണ്ടത്.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്ന് വഴിമാറി ചേരാനല്ലൂർ സിഗ്നൽ വഴി പറവൂർ – കൊടുങ്ങല്ലൂർ പാതയിലൂടെ സഞ്ചരിക്കണം.
കാക്കനാട് ഭാഗത്തുനിന്ന് എത്തുന്ന കണ്ടെയ്നർ, ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കളമശ്ശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ – കൊടുങ്ങല്ലൂർ റൂട്ടിലേക്ക് തിരിഞ്ഞുപോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.




