പൊലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരിസംഘങ്ങളുടെ പോര്; പുലർച്ചെ അരങ്ങേറിയത് നാടകീയ നിമിഷങ്ങൾ, ആറുപേർ പിടിയിൽ

കുറ്റ്യാടി പൊലീസ് സ്റ്റേഷന് മുന്നിൽ പുലർച്ചെയുണ്ടായ ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടൽ നാട്ടിൽ വലിയ പരിഭ്രാന്തി പരത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് പിടികൂടിയപ്പോൾ, രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്റ്റേഷൻ പരിസരത്ത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ലഹരിമരുന്ന് കൈവശം വെച്ചതിനും, സംഘം ചേർന്ന് ആക്രമണം നടത്തി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ആറുപേരെ അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് ഒമ്പത് ഗ്രാം എംഡിഎംഎയും ഒന്നര ഗ്രാം കഞ്ചാവും കണ്ടെടുത്ത സംഭവത്തിൽ മുതുകാട് കിഴക്കയിൽ ആൽബിൻ സെബാസ്റ്റ്യൻ (26), കോടേരിച്ചാൽ മാവിലക്കണ്ടി അമൽജിത്ത് (29), പേരാമ്പ്ര മേഞ്ഞാണ്യം വലിയപറമ്പിൽ ആൽബിൻ (26) എന്നിവരെ എസ്ഐ ജിതിൻ കുമാറും സംഘവും അറസ്റ്റ് ചെയ്തു. ആൽബിൻ സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പന്തിരിക്കര കുട്ടിക്കുന്നുമ്മൽ മുഹമ്മദ് (25), കടിയങ്ങാട് ചെറുപുത്തലത്ത് ഷഫ്നാസ് (24), നൊച്ചാട് കളരിപറമ്പത്ത് ദിൽഷാദ് (22) എന്നിവരെയും പൊലീസ് പിടികൂടി.
സംഘർഷത്തിനിടെ പരുക്കേറ്റ രണ്ടുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പിടിയിലായവരിൽ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്ത് വരികയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലെ പ്രതിയാണ് പിടിയിലായ ആൽബിൻ സെബാസ്റ്റ്യനെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.




