വിസിമാരുടെ വിരമിക്കൽ പ്രായം എഴുപതാക്കാൻ നീക്കം; നിയമ ഭേദഗതിക്ക് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം ∙ കേരളത്തിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ വിരമിക്കൽ പ്രായം 70 വയസ്സായി ഏകീകരിക്കാൻ തീരുമാനിച്ചു. സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. വി.സി നിയമനങ്ങൾ വേഗത്തിലാക്കുന്നതിനായി ഓർഡിനൻസ് പുറത്തിറക്കണോ അതോ ബില്ലായി നിയമസഭയിൽ അവതരിപ്പിച്ചു ചർച്ച ചെയ്യണോ എന്ന കാര്യത്തിൽ സർക്കാരിൽ ആലോചനകൾ നടക്കുന്നുണ്ട്. നിയമഭേദഗതി പൂർത്തിയായ ശേഷം മാത്രം പുതിയ വി.സിമാരെ നിയമിക്കാനാണ് തീരുമാനം.
വി.സി സ്ഥാനത്തേക്ക് അപേക്ഷിക്കാൻ 10 വർഷത്തെ പ്രഫസർഷിപ്പ് സേവനപരിചയമാണ് മാനദണ്ഡം. നിലവിൽ പ്രഫസർ പദവിയിലിരിക്കുന്ന ഭൂരിഭാഗം പേരും എൽഡിഎഫ് അനുകൂല നിലപാടുള്ളവരാണെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. അതിനാൽ പ്രായപരിധി എഴുപതാക്കി ഉയർത്തുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നും സർക്കാർ കരുതുന്നു. അതേസമയം, വി.സി നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റിയുടെ ഘടന പരിഷ്കരിക്കണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കാത്ത സാഹചര്യത്തിൽ, ആ വിഷയത്തിൽ തൽക്കാലം കടുംപിടിത്തം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
നിലവിൽ ചാൻസലർ, യുജിസി, സർവകലാശാല എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട മൂന്നംഗ സമിതിയാണു സേർച്ച് കമ്മിറ്റിയിലുള്ളത്. കേന്ദ്രത്തിന്റെയും ഗവർണറുടെയും താൽപ്പര്യങ്ങൾക്കു മുൻതൂക്കം ലഭിക്കുന്നു എന്നുകരുതി, സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരാളെക്കൂടി ഉൾപ്പെടുത്തി നാലംഗ സമിതിയാക്കണമെന്ന നിർദേശം ഗവർണർ തള്ളിയിരുന്നു. മുൻ സർക്കാർ ഇത്തരത്തിൽ ഘടനാമാറ്റം വരുത്തി ബിൽ കൊണ്ടുവന്നെങ്കിലും ഗവർണർ അതിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ, സർവകലാശാലാ പ്രതിനിധിയെ സിൻഡിക്കറ്റ് തന്നെ തിരഞ്ഞെടുക്കണമെന്ന സർക്കാരിന്റെ നിർദേശത്തിന് ഗവർണർ അംഗീകാരം നൽകിയിട്ടുണ്ട്.
ഈ വർഷം ഇനി നിയമസഭാ സമ്മേളനങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ഓർഡിനൻസ് വഴി നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ, മറ്റ് ബില്ലുകൾ പാസാക്കേണ്ടതുള്ളതിനാൽ ഡിസംബറിൽ സഭ വീണ്ടും ചേരാൻ സാധ്യതയുണ്ട്.




