MANORAMA

അജ്മാൻ ഫൊറൻസിക് മോർച്ചറിയിൽ പ്രവാസിയുടെ മൃതദേഹം ഒന്നരവർഷമായി: ഇടപെട്ട് ഹൈക്കോടതി

കൊച്ചി ∙ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് യുഎഇയിലെ അജ്മാൻ ഫൊറൻസിക് മോർച്ചറിയിൽ ഒന്നരവർഷമായി അനാഥമായിക്കിടന്ന കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം. ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളിയിലെ കുടുംബക്കല്ലറയിൽ ഔദ്യോഗിക മതപരമായ ചടങ്ങുകളോടെ റോബർട്ട് ഫ്രാൻസിസ് സഹായന്റെ (71) മൃതദേഹം സംസ്കരിക്കണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്. ചടങ്ങുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാനും കോടതി നിർദേശിച്ചു.

മൃതദേഹം നാട്ടിലെത്തിച്ച് കുടുംബത്തിന്റെ കല്ലറയിൽ അടക്കം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരിയുടെ മകളായ കൊല്ലം സ്വദേശി മേരി വിക്ടോറിയയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കണമെന്ന നിലപാടിൽ അനന്തരവൻ ജോൺസൺ ഫിലിപ്സ് ഉറച്ചുനിന്നത് പ്രതിസന്ധി സൃഷ്ടിച്ചു. ഈ തർക്കം നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.

പിന്നീട് കേസ് പരിഗണിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഇരുപക്ഷവും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 22-ാം തീയതി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർനടപടികളിൽ വീണ്ടും തർക്കങ്ങൾ ഉണ്ടാകാതിരിക്കാനും മൃതദേഹം അന്തസ്സോടെ സംസ്കരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് കോടതി ഇപ്പോൾ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം. മൃതദേഹം ഏറ്റുവാങ്ങുന്ന ഹർജിക്കാരി നാലു ദിവസത്തിനുള്ളിൽ തന്നെ മതാചാരപ്രകാരം സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കണം. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ജോൺസൺ ഫിലിപ്സിന് അനുവാദമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Source link

Related Articles

Back to top button