അച്ഛന്റെ ഇഷ്ടം മക്കളിലും; ഭദ്രകീർത്തിയുടെ കുട്ടികൾക്ക് ഇട്ട പേരിന് പിന്നിലെ കൗതുകം വൈറലാകുന്നു

ഭദ്രകീർത്തി
കൊച്ചി: ബെൻസ് കാറിടിച്ചു അച്ഛൻ ജയബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ, പ്രതിയായ 17 വയസ്സുകാരനും ജഡ്ജിയായ അവന്റെ പിതാവിനുമെതിരെ നിയമനടപടികൾക്കായി പോരാടുന്ന 24 കാരിയായ ഭദ്രകീർത്തി ഇന്ന് രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കൊച്ചി കണ്ടെയ്നർ റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന തെക്കൻ ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൾ ഭദ്രകീർത്തി നടത്തുന്ന നിയമപോരാട്ടം വലിയ ചർച്ചയായിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ, അച്ഛന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ തന്നെ പ്രതിഷേധവുമായി ഭദ്രകീർത്തിയും സഹോദരങ്ങളും രംഗത്തിറങ്ങുകയായിരുന്നു. പഠനം പൂർത്തിയാക്കി അച്ഛന് താങ്ങാവണമെന്ന ആഗ്രഹത്തോടെ ജോലിയിൽ പ്രവേശിച്ച് രണ്ടു മാസത്തിനുള്ളിൽ തന്നെ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട തീരാവേദനയിലാണ് നീതിക്കായി ഈ മകൾ തെരുവിലിറങ്ങിയത്.
അതിനിടയിൽ, രണ്ടു വർഷം മുൻപ് മഴവിൽ മനോരമയിലെ ‘ഉടൻ പണം’ എന്ന പരിപാടിയിൽ ഭദ്രകീർത്തി പങ്കെടുത്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. എംഎസ്സി പഠനകാലത്ത് പരിപാടിയിൽ പങ്കെടുത്ത ഭദ്ര, മികച്ച രീതിയിൽ പഠിച്ച് പിഎച്ച്ഡി നേടി ‘ഡോ. ആർ ജെ ഭദ്രകീർത്തി’ ആകണമെന്ന തന്റെ ആഗ്രഹം അന്നേ അവതാരകരോട് പങ്കുവെച്ചിരുന്നു. അച്ഛൻ തങ്ങൾ മൂന്നു മക്കൾക്കും നൽകിയ പേരുകളെക്കുറിച്ചും ഭദ്ര അന്നത്തെ പരിപാടിയിൽ വാചാലയായിരുന്നു. ആർ ജെ ഭരത് ശങ്കർ എന്നാണ് മൂത്ത സഹോദരന്റെ പേര്, ഇളയ സഹോദരന്റേത് ആർ ജെ ഭാഗ്യദർശൻ ശക്തി എന്നും.
തെക്കൻ ചിറ്റൂരിൽ അച്ഛൻ നടത്തിവന്ന ‘ബാലേട്ടൻ ദോശക്കട’യെക്കുറിച്ചും കുടുംബത്തിന്റെ കഠിനാധ്വാനത്തെക്കുറിച്ചും ആ പരിപാടിയിൽ ഭദ്ര മനസ്സ് തുറന്നിരുന്നു. ചെറിയ ദോശകൾക്കും ഓംലെറ്റിനും പ്രശസ്തമായ ഈ കടയെക്കുറിച്ചും, നേരത്തെ എറണാകുളത്തും വരാപ്പുഴയിലും അമ്മ നടത്തിയിരുന്ന ഹോട്ടലുകളിൽ താൻ സഹായിക്കാറുണ്ടായിരുന്നതിനെക്കുറിച്ചും ഭദ്ര വീഡിയോയിൽ ഓർത്തെടുക്കുന്നുണ്ട്. പിന്നീട് ഹോട്ടലുകൾ പൂട്ടിപ്പോയെന്നും ഇപ്പോൾ തട്ടുകട മാത്രമാണ് ആശ്രയമെന്നും, കട രാത്രി വൈകി വരെ പ്രവർത്തിക്കുന്നതിനാൽ താൻ സഹായത്തിന് പോകാറില്ലെന്നും ഭദ്ര അന്ന് പറഞ്ഞിരുന്നു.
Source link




