കെഎസ്ആർടിസി ഇനി സ്വകാര്യ ബസുകളും നിരത്തിലിറക്കും; സമരം പിൻവലിച്ച് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരമായി, സ്വകാര്യ ബസുകൾ വെറ്റ് ലീസിങ് (Wet Lease) വ്യവസ്ഥയിൽ ഏറ്റെടുത്ത് കെഎസ്ആർടിസി വഴി സർവീസ് നടത്താൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. വഴുതക്കാട് ട്രാൻസ്ഭവനിൽ വെച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബസ് സർവീസ് മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ, ഫെഡറേഷൻ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു.
വെറ്റ് ലീസ് രീതിപ്രകാരം, കെഎസ്ആർടിസിയുടെ ഭാഗമായി ബസുകൾ ഓടുമ്പോൾ ഡ്രൈവർമാരെ ഉടമകളും കണ്ടക്ടർമാരെ കെഎസ്ആർടിസിയുമാണ് നിയമിക്കുക. ബസുകളുടെ പ്രവർത്തന കാലാവധി വർധിപ്പിക്കണമെന്ന പത്മകുമാർ കമ്മീഷന്റെ ശുപാർശകൾ നിയമനടപടികൾ പൂർത്തിയാക്കി നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കൂടാതെ, ബസ് പെർമിറ്റുകൾ നിയമപരമായി കൈമാറുന്നതിൽ നിലവിലുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി.
ബസ് ഉടമകളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനും സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനുമായി ഉടമകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സ്ഥിരം സമിതി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് സെക്രട്ടറി ഡി. ബാലമുരളി, ട്രാൻസ്പോർട്ട് കമ്മീഷണർ സ്പർജൻ കുമാർ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ ഹംസ ഏരിക്കുന്നൻ, കെ. സത്യൻ, പാലമുറ്റത്ത് വിജയകുമാർ, എം.എസ്. പ്രേംകുമാർ തുടങ്ങിയവർ ചർച്ചയിൽ സന്നിഹിതരായിരുന്നു.
Source link




