കേരള സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർക്കെതിരെ കേസ്: ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്താൻ നിയമോപദേശം

തിരുവനന്തപുരം ∙ കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍, ക്രമവിരുദ്ധമായി ജോലിയില്‍ പ്രവേശിച്ചവരും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 2005-ല്‍ നടന്ന അസിസ്റ്റന്റ് പരീക്ഷാ ക്രമക്കേടിലൂടെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരെ തിരുകിക്കയറ്റിയെന്ന കേസിലാണ് 38 പേര്‍ അനധികൃതമായി നിയമനം നേടിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇവരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി രവീന്ദ്രനാഥ് അറിയിച്ചു. നിലവില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ തസ്തികയിലുള്ളവരുള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്തു വരും. ഇവര്‍ക്കെതിരെ ഏതുതരം നിയമനടപടികളാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ വിദഗ്ധ നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ വൈസ് ചാന്‍സലര്‍ അടക്കം ഏഴുപേര്‍ പ്രതികളായുള്ള ആദ്യ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഈ പട്ടികയിലുള്ള ഒരു പ്രതി നേരത്തെ മരണപ്പെട്ടിരുന്നു. മുന്‍ വിസി രാമചന്ദ്രന്‍ നായര്‍, പ്രോ വിസി ജയപ്രകാശ്, റജിസ്ട്രാര്‍ കെ.എ. ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസല്‍, കെ.എ. ആന്‍ഡ്രു എന്നിവരാണ് നിലവിലെ പ്രതിപ്പട്ടികയിലുള്ളത്. പ്രതിയായിരുന്ന മറ്റൊരു സിന്‍ഡിക്കേറ്റ് അംഗം ബി.എസ്. രാജീവ് നേരത്തെ അന്തരിച്ചിരുന്നു. 2020-ല്‍ അന്നത്തെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയില്‍ ഈ കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. എന്നാല്‍, കോടതിയില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് 2022-ല്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.



