MANORAMA
പിഎസ്സി നിയമനത്തട്ടിപ്പ്: പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

തിരുവനന്തപുരം ∙ ആസൂത്രണ ബോർഡിൽ ചീഫ് തസ്തികയിൽ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ, ഒളിവിൽ പോയിരുന്ന പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. എറണാകുളത്ത് വെച്ചാണ് ഇദ്ദേഹം പിടിയിലായത്. തുടർന്ന് തിരുവനന്തപുരത്തെത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും. നേരത്തെ തന്നെ ഹരിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് നിലവിൽ റിമാൻഡിലാണ്. ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.



