ജര്‍മനിയിലെ ജെൻ സി പ്രതിഷേധം: വീസ ചട്ടങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ബര്‍ലിന്‍∙ ജര്‍മനിയുടെ തെരുവുകള്‍ വീണ്ടും വന്‍ പ്രതിഷേധങ്ങള്‍ക്ക് വേദിയാകാനൊരുങ്ങുകയാണ്. കാലാവസ്ഥാ പ്രതിസന്ധി, വിദ്യാഭ്യാസ മേഖലയിലെ ശോഷണം, ഒപ്പം നിര്‍ബന്ധിത സൈനിക സേവനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യത്തെ 23 പ്രമുഖ നഗരങ്ങളില്‍ ഒക്ടോബര്‍ 31 ശനിയാഴ്ച പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. ‘ജെന്‍ സെഡ് റെഗെല്‍റ്റ്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ പ്രക്ഷോഭങ്ങള്‍ നടക്കുക.
എന്താണ് ജര്‍മനിയിലെ ഈ പുതിയ യുവതലമുറ പ്രക്ഷോഭം? 1995നും 2010നും ഇടയില്‍ ജനിച്ചുവളര്‍ന്ന തലമുറയാണ് ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമായും മൂന്ന് വിഷയങ്ങളാണ് ഇവര്‍ ഭരണകൂടത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്:
കാലാവസ്ഥാ പ്രതിസന്ധി: പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ മുതിര്‍ന്ന തലമുറ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ഇവര്‍ ആരോപിക്കുന്നു. വരുംതലമുറയ്ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത വിധം ഭൂമിയുടെ അവസ്ഥ മോശമാക്കിയതിന് പഴയ തലമുറ മറുപടി പറയണമെന്നാണ് ഇവരുടെ ആവശ്യം.
വിദ്യാഭ്യാസ മേഖലയിലെ വീഴ്ച: ജര്‍മന്‍ സ്‌കൂളുകളുടെ നിലവാരം അനുദിനം കുറയുന്നുവെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിലെ കാലതാമസവും, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബജറ്റില്‍ ഫണ്ട് വകയിരുത്താത്തതും ഇവരെ രോഷാകുലരാക്കുന്നു.
സൈനിക സേവനവും ഭാവിയും: ജര്‍മന്‍ സായുധ സേനയായ ‘ബുണ്ടസ്വെര്‍’ (Bundeswehr) ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 18 വയസ്സ് തികയുന്ന യുവതീ യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കത്തയക്കുന്ന രീതി സര്‍ക്കാര്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഈ സമരത്തില്‍ പങ്കുചേരാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



