നേത്ര പരിശോധനയ്ക്കിടെ അപ്രത്യക്ഷമായത് 7.16 കോടി രൂപയുടെ 224 ഐഫോണുകൾ

കഴിഞ്ഞ ഭരണകൂടത്തിന്റെ കാലയളവിൽ നേത്ര പരിശോധനയ്ക്കായി 7.16 കോടി രൂപ മുടക്കി വാങ്ങിയ 224 ഐഫോണുകൾ അപ്രത്യക്ഷമായെന്നും, ബാക്കിയുള്ളവ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുകയാണെന്നും നിയമസഭയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇവയോടൊപ്പം ഫണ്ടസ് ക്യാമറകളും അന്ന് വാങ്ങിയിരുന്നു. ഇതിനുപുറമെ, കെ.എം.എസ്.സി.എൽ മുഖേന ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്ഥാപിച്ച രണ്ട് ഓക്സിജൻ ജനറേറ്റർ പ്ലാന്റുകൾക്ക് ആവശ്യമായ മർദ്ദത്തിലോ അളവിലോ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി അറിയിച്ചു. പി.എം.കെ.എസ് പദ്ധതി വഴി ലഭിച്ച വെന്റിലേറ്ററുകൾ പലതും നിലവാരമില്ലാത്തതും പ്രവർത്തനക്ഷമമല്ലാത്തതും പരിപാലനച്ചെലവ് കൂടുതലായതും കാരണം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ഇത്തരത്തിൽ 128 വെന്റിലേറ്ററുകൾ വെറുതെ കിടക്കുകയാണ്. കോവിഡ് പ്രതിസന്ധി കാലത്ത് വയനാട്, എറണാകുളം ജില്ലകൾക്ക് ലഭിച്ച മെഡിക്കൽ ഉപകരണങ്ങളും സമാനമായി ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നു. ഈ ഉപകരണങ്ങളുടെ ആവശ്യകത കൃത്യമായി പരിശോധിച്ചശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റി സ്ഥാപിക്കാനും, അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കാനും കർശന നടപടികൾ സ്വീകരിക്കും. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങുന്ന ഇത്തരം അത്യാധുനിക ഉപകരണങ്ങൾ പെട്ടിയിൽ കിടന്ന് നശിക്കുന്ന അവസ്ഥ ഒട്ടും അനുവദനീയമല്ല. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി ഉറപ്പുവരുത്തുമെന്നും, ഭാവിയിൽ ഇത്തരം പാഴ്ച്ചെലവുകൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി അന്വേഷണം വിജിലൻസിന്
ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ വിജിലൻസിന് നിർദേശം നൽകിക്കഴിഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുക എന്നത് മാത്രമാണ് സർക്കാരിന്റെ ജോലിയെന്ന് കരുതരുത്; അവ കൃത്യമായി പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്ത് പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുക കൂടി വേണമെന്ന് അബിൻ വർക്കിയുടെ സബ്മിഷന് മറുപടിയായി മന്ത്രി കൂട്ടിച്ചേർത്തു.
Source link




