യൂറോപ്പിൽ ആളിക്കത്തുന്ന പ്രതിഷേധം: തെരുവുകളിൽ തീപ്പൊരി പറത്തി പ്രക്ഷോഭകാരികൾ

ടിരാന/ പാരിസ്∙ അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ വീണ്ടും ആളിക്കത്തുന്നു. പ്രധാനമന്ത്രി എഡി റാമ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ പ്രതിഷേധം തെരുവുകളിലേക്ക് പടരുകയായിരുന്നു. തൽക്ഷണം രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ, ചർച്ചകൾക്കായി സജ്ജീകരിച്ചിരുന്ന കസേരകൾ തീയിട്ടു നശിപ്പിച്ചു. അഴിമതി, രൂക്ഷമായ തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് വിദ്യാർഥി സമൂഹം അടക്കമുള്ളവർ തെരുവിലിറങ്ങിയത്. സർക്കാർ ഓഫിസുകൾക്കു നേരെ വലിയ തോതിലുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഫ്രാൻസിലും സ്ഥിതി സമാനമാണ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അവിടെയും രൂക്ഷമായി തുടരുന്നു. ഒക്ടോബർ 31-ന് വീണ്ടും പ്രതിഷേധപ്രകടനം സംഘടിപ്പിക്കാനും, നവംബർ 5-ന് രാജ്യവ്യാപകമായ പൊതുപണിമുടക്കിനും വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധ മാർച്ചിൽ 4,10,000 പേർ അണിനിരന്നിരുന്നു. മുൻ ആഴ്ചകളിൽ ദൃശ്യമായതുപോലെയുള്ള അക്രമങ്ങളും കൊള്ളയും തടയുന്നതിനായി 70,000 പൊലീസുകാരെയാണ് സർക്കാർ വിന്യസിച്ചത്.
ശനിയാഴ്ച ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പൊലീസും പ്രക്ഷോഭകാരികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇറ്റലിയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം കത്തുകയാണ്. പോർച്ചുഗലിലെ ലിസ്ബനിൽ രൂക്ഷമായ ഭവന പ്രതിസന്ധിക്കെതിരെ സമരം ചെയ്തിരുന്നവരുടെ ക്യാംപ് പൊലീസ് ബലമായി ഒഴിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും 25 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.




