തീവ്രതിരുത്തൽ; പാലക്കാട് സി.പി.എമ്മിലെ നടപടി നല്ല പാഠം, സുരേഷ് ബാബുവിനെ മാറ്റി, വി.ചെന്താമരാക്ഷൻ സെക്രട്ടറി

തിരുവനന്തപുരം/പാലക്കാട്: പാലക്കാട് സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റാനുള്ള സി.പി.എം വിശാല ജില്ലാക്കമ്മിറ്റിയുടെ തീരുമാനം പാർട്ടിയിലെ തെറ്റായ പ്രവണതകളുടെ കർശനമായ തിരുത്തലെന്ന് വിലയിരുത്തൽ. മറ്റു ജില്ലാനേതൃത്വങ്ങൾക്കുള്ള മുന്നറിയിപ്പുമാണിത്. വിശാല ജില്ലാക്കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനും സുരേഷ് ബാബുവിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാസെക്രട്ടേറിയറ്റ് യോഗമാണ് നേതൃമാറ്റം തീരുമാനിച്ചത്.
പാർട്ടി സമ്മേളന കാലത്ത് അല്ലാതെ ഒരു ജില്ലാസെക്രട്ടറിയെ മാറ്റുന്നത് സി.പി.എമ്മിൽ അസാധാരണമാണ്. സൗമ്യമായി ഇടപഴകുന്ന ജനകീയനായ മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ വി.ചെന്താമരാക്ഷനാണ് പുതിയ സെക്രട്ടറി. സുരേഷ് ബാബുവിനെ സെക്രട്ടറിയാക്കുന്ന വേളയിൽ ചെന്താമരാക്ഷന്റെ പേരും ഉയർന്നിരുന്നു. വി.എസ് പക്ഷക്കാരനെന്ന ഒറ്റക്കാരണത്താൽ മാറ്റിനിറുത്തുകയായിരുന്നു.
പാലക്കാട്ടെ നേതൃമാറ്റം മറ്റു ജില്ലകളിലും പ്രവർത്തകർക്ക് വിമർശനം ശക്തമാക്കാൻ പ്രചോദനമാവും. ആറു ജില്ലകളിലാണ് വിശാല കമ്മിറ്റി പൂർത്തിയായത്. കണ്ണൂരിൽ 18, 19 തീയതികളിലാണ് യോഗം. കൂടുതൽ പഴി കേട്ടതും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശാസന ഏറ്റുവാങ്ങേണ്ടി വന്നതും കണ്ണൂരിലെ സംഘടനാ പ്രശ്നങ്ങളുടെ പേരിലാണ്. കണ്ണൂരിൽ കെ.കെ.രാഗേഷിനെ മാറ്റിയാൽ ടി.വി.രാജേഷിനാണ് സാദ്ധ്യത.
വീഴ്ചകൾ എണ്ണിപ്പറഞ്ഞ്
വിമർശനം
വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതിൽ ഇ.എൻ.സുരേഷ് ബാബു പൂർണമായും പരാജയപ്പെട്ടുവെന്ന് വിശാല ജില്ലാക്കമ്മിറ്റി യോഗത്തിൽ വിമർശനം. ഇത് തടയാൻ കഴിയാത്തതാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തൃത്താലയിലും കോങ്ങാട്ടും ചീറ്റൂരിലും പരാജയത്തിന് ഇടയാക്കിയത്
ചിറ്റൂരിലെ തോൽവിക്കു മുഖ്യകാരണം കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ്. അവർ ചർച്ചയ്ക്ക് തയ്യാറായിട്ടും ജില്ലാസെക്രട്ടറി മുഖംതിരിച്ചു. പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും ദോഷം ചെയ്തെന്നും വിമർശനം. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ 67,000 വോട്ടിന്റെ കുറവുണ്ടായി
റിയൽ എസ്റ്റേറ്റ് മാഫിയയായി സി.പി.എം മാറിയെന്ന് യോഗത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നും ആക്ഷേപം
അഭിഭാഷക സംഘടനയിലെ ഒറ്റപ്പാലം സ്വദേശിയായ യുവതി സുരേഷ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു പരാതി പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് പുതിയ സെക്രട്ടറി വി.ചെന്താമരാക്ഷൻ പറഞ്ഞു.
Source link



