KAUMUDI

പിണറായി ഇടപെട്ടു, സെക്രട്ടറി സ്ഥാനം തെറിച്ചു; സുരേഷ് ബാബു പാർട്ടിയോട് ആവശ്യപ്പെട്ടത് ഒറ്റക്കാര്യം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടിക്ക് സാദ്ധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് സുരേഷ് ബാബുവിനെ പുറത്താക്കുന്ന നടപടികളിലേക്ക് പാർട്ടി കടന്നേക്കുമെന്നാണ് റിപ്പോർട്ട്. വിപുലീകൃത കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. എന്നാൽ പരാതിയിൽ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്താനും സാദ്ധ്യതയുണ്ട്.

അടുത്ത സംസ്ഥാന കമ്മിറ്റിയിൽ കമ്മീഷനെ നിശ്ചയിച്ചേക്കും. യുവ അഭിഭാഷകയുടെ ലൈംഗീക പരാതി ഗൗരവതരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി അപമാനിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പാർട്ടിക്ക് നൽകിയിട്ടുണ്ട്. സുരേഷ് ബാബുവിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയർന്നിരുന്നു. സുരേഷ് ബാബു തുടർന്നാൽ ഭാവിയിൽ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം.

അതേസമയം, പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചുവരുത്തി പരാതി വായിച്ചുകേൾപ്പിക്കുകയായിരുന്നു. തുടർന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ലൈംഗിക പീഡന പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തുവരരുതെന്ന് സുരേഷ് ബാബു പാർട്ടിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

സുരേഷ് ബാബുവിനെ മാറ്റിയതിൽ പാർട്ടി പറയുന്ന കാരണങ്ങൾ

വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതിൽ ഇ.എൻ.സുരേഷ് ബാബു പൂർണമായും പരാജയപ്പെട്ടുവെന്ന് വിശാല ജില്ലാക്കമ്മിറ്റി യോഗത്തിൽ വിമർശനം. ഇത് തടയാൻ കഴിയാത്തതാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തൃത്താലയിലും കോങ്ങാട്ടും ചീറ്റൂരിലും പരാജയത്തിന് ഇടയാക്കിയത്.
ചിറ്റൂരിലെ തോൽവിക്കു മുഖ്യകാരണം കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ്. അവർ ചർച്ചയ്ക്ക് തയ്യാറായിട്ടും ജില്ലാസെക്രട്ടറി മുഖംതിരിച്ചു. പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും ദോഷം ചെയ്‌തെന്നും വിമർശനം. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ 67,000 വോട്ടിന്റെ കുറവുണ്ടായി.
റിയൽ എസ്റ്റേറ്റ് മാഫിയയായി സി.പി.എം മാറിയെന്ന് യോഗത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നും ആക്ഷേപം.
അഭിഭാഷക സംഘടനയിലെ ഒറ്റപ്പാലം സ്വദേശിയായ യുവതി സുരേഷ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു പരാതി പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് പുതിയ സെക്രട്ടറി വി.ചെന്താമരാക്ഷൻ പറഞ്ഞു.

English Summary

E.N. Suresh Babu, former CPM Palakkad District Secretary, faces further disciplinary action, potentially expulsion, following his removal. Reasons include a serious sexual harassment complaint from a lawyer, who submitted digital evidence, and allegations of failing to curb factionalism that led to electoral losses. Chief Minister Pinarayi Vijayan reportedly intervened directly in the matter.
RELATED TOPICS: PINARAYI VIJAYAN, EN SURESH BABU, CPM PALAKKAD, SURESH BABU COMPLAINT, CPM DISTRICT SECRETARY


Source link

Related Articles

Back to top button