KAUMUDI

സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; മദ്യപിച്ചെത്തിയ 21 ഡ്രൈവർമാർ കുടുങ്ങി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനത്തുടനീളം നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി. ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ എട്ട് മണി വരെയുള്ള സമയത്തായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത പരിശോധന. ആകെ 4,504 സ്‌കൂൾ ബസുകളാണ് ഈ കാലയളവിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.

പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്; ഈ രണ്ട് ജില്ലകളിൽ നിന്നും അഞ്ചുപേർ വീതമാണ് പിടിയിലായത്. കോട്ടയത്ത് മൂന്നുപേരും, കണ്ണൂരിൽ രണ്ടുപേരും നിയമനടപടികൾ നേരിട്ടു. ഇതിനുപുറമെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഗുരുതരമായ റോഡ് അപകടങ്ങൾക്കും ജീവഹാനിക്കും വഴിവെക്കുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി പി വിജയൻ മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Check Also
Close
Back to top button