വിസ്റ്റഡോം കോച്ചുകളുടെ മാന്ത്രികയാത്ര; കൊല്ലം-മധുര പാതയിൽ കേരളത്തിന് പുത്തൻ റെയിൽവേ സമ്മാനം വരുന്നു

കൊല്ലം: വിസ്റ്റഡോം കോച്ചുകൾ മാത്രമടങ്ങുന്ന അത്യാധുനിക ട്രെയിൻ കൊല്ലം-മധുര റൂട്ടിൽ ഓടിക്കാനുള്ള സാധ്യത തെളിയുന്നു. എട്ട് വിസ്റ്റഡോം കോച്ചുകൾ വീതമുള്ള ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന നിർദ്ദേശത്തോട് ദക്ഷിണ റെയിൽവേ അനുകൂലമായാണ് പ്രതികരിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി. അടുത്തിടെ മധുര-ഗുരുവായൂർ എക്സ്പ്രസിൽ പരീക്ഷണാർത്ഥം ഒരു വിസ്റ്റഡോം കോച്ച് ഉൾപ്പെടുത്തിയിരുന്നു. ഇതിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണവും ഉയർന്ന ബുക്കിംഗ് തിരക്കും ലഭിച്ചതോടെയാണ് പൂർണമായി വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിൻ വേണമെന്ന ആവശ്യം ശക്തമായത്.
യാത്രക്കാർക്ക് വിസ്റ്റഡോം കോച്ചുകളിലെ വലിയ ചില്ലുജാലകങ്ങളിലൂടെ കൊല്ലം മുതൽ മധുര വരെയുള്ള പാതയിലെ മനോഹരമായ കാഴ്ചകൾ നേരിട്ട് ആസ്വദിക്കാനാകും എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിശേഷിച്ചും ചെങ്കോട്ട-പുനലൂർ പാതയിലെ മലനിരകളും താഴ്‌വരകളും തുരങ്കങ്ങളും കോടമഞ്ഞുമെല്ലാം ഒട്ടും ചോരാതെ ക്യാമറക്കണ്ണിലൂടെയെന്നോണം യാത്രക്കാർക്ക് കാണാൻ സാധിക്കും. നിലവിൽ ഈ റൂട്ടിൽ വിസ്റ്റഡോം കോച്ചിലെ ഒരു സീറ്റിന് 1140 രൂപയാണ് നിരക്ക് ഈടാക്കുന്നത്.




