KAUMUDI

കാട്ടുമൃഗം പന്നിയെ വേട്ടയാടി പകുതി ഭക്ഷിച്ചു; എസ്റ്റേറ്റ് മേഖലയിൽ ഭീതി പടരുന്നു

കാട്ടുപന്നി

കാളികാവ്: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും കടുവ ഭീതി പടരുന്നു. പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടുപന്നിയെ കടുവ ആക്രമിച്ചു കൊന്ന നിലയിൽ കണ്ടെത്തി. എസ്റ്റേറ്റിന്റെ 52-ാം ഡിവിഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പകുതി ഭക്ഷിച്ച നിലയിൽ പന്നിയുടെ ജഡം ആദ്യം കണ്ടത്.

കഴിഞ്ഞ വർഷം കടുവയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട അടക്കാക്കുണ്ട് റാവുത്തൻ കാടിനോട് ചേർന്നാണ് ഈ ഡിവിഷൻ സ്ഥിതി ചെയ്യുന്നത്. ഇതോടെ എസ്റ്റേറ്റിലെ തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 52-ാം ഡിവിഷന് തൊട്ടു മുകളിലുള്ള റിസർവ് വനത്തിൽ നിന്നാണ് കടുവകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. കടുവയെ പതിവായി കാണാൻ തുടങ്ങിയതോടെ ജോലിക്കെത്താൻ തൊഴിലാളികൾ ഭയക്കുകയാണ്.

കടുവയുടെ സാന്നിധ്യത്തെക്കുറിച്ച് തോട്ടം മാനേജ്‌മെന്റിനും വനംവകുപ്പിനും തുടർച്ചയായി പരാതി നൽകിയിട്ടും കാര്യക്ഷമമായ പ്രതിരോധ നടപടികൾ ഉണ്ടായില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ സായുധരായ കാവൽക്കാരെ നിയോഗിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

മുൻപ് എസ്റ്റേറ്റിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കായി സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ എസ്റ്റേറ്റിൽ ഉപയോഗിച്ചു വന്നിരുന്ന മൂന്ന് തോക്കുകൾ മൂന്ന് വർഷമായി സർക്കാർ അധികൃതർ പിടിച്ചുവെച്ചിരിക്കുകയാണ്. ഈ തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകി അവ തിരികെ ലഭ്യമാക്കണമെന്ന് മാനേജ്മെന്റ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണം. ദീർഘകാലമായി എസ്റ്റേറ്റിൽ ഉപയോഗിച്ചു വരുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകാൻ അധികൃതർ തയ്യാറാകണം.
വി.പി. വീരാൻ കുട്ടി, അസിസ്റ്റന്റ് ജനറൽ മാനേജർ


Source link

Related Articles

Check Also
Close
Back to top button