KAUMUDI

മുറ്റം നിറയെ ഗ്യാസ് സിലിണ്ടർ: സ്ഫോടന ഭീതിയിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ

ആലപ്പുഴ: തൊണ്ടി മുതലായ ഗ്യാസ് സിലിണ്ടുകൾ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തലവേദയായി. ഇരുപതോളം നിറകുറ്റികളടക്കം 86 ഗ്യാസ് സിലിണ്ടറുകളാണ് സ്റ്റേഷൻ മുറ്റത്ത് നിരത്തിവെച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സിലിണ്ടറുകൾ സ്റ്റേഷൻ പരിസരത്ത് നിന്നു മാറ്റണമെന്ന് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഫലമുണ്ടായില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത കച്ചവടക്കാരനിൽ നിന്ന് സെപ്റ്റംബർ 23ന് രാത്രിയിൽ പിടിച്ചെടുത്തവയാണ് സിലിണ്ടറുകൾ. തീരപ്രദേശമായ ഓമനപ്പുഴ കേന്ദ്രീകരിച്ച് ഗാർഹിക സിലിണ്ടറുകൾ ശേഖരിച്ച്, വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് പകർന്ന് വ്യാജ ഗ്യാസ് ഏജൻസി ബോർഡ് പതിച്ച് കച്ചവടം നടത്തി വരികയായിരുന്നു പ്രതി. കേസ് നടപടികളിൽ പുരോഗതിയുണ്ടായെങ്കിലും തൊണ്ടി മുതൽ നീക്കം ചെയ്യുന്ന കാര്യത്തിൽ യാതൊരു ഇടപെടലും ഉണ്ടാകാത്തതിൽ ആശങ്കയിലാണ് പൊലീസ് ഉദ്യോഗസ്ഥർ. വനിതകൾ ഉൾപ്പടെ നാൽപത് ഉദ്യോഗസ്ഥരാണ് സ്റ്റേഷന് കീഴിലുള്ളത്. ഒരുസമയം ഇരുപതിലധികം ഉദ്യോഗസ്ഥർ സ്റ്റേഷനിലുണ്ടാവും. നിത്യേന നൂറുകണക്കിന് ആളുകളാണ് സ്റ്റേഷനിൽ വന്നുപോകുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഗ്യാസ് സിലിണ്ടറുകൾ സ്റ്റേഷൻ മുറ്റത്ത് തുടരുന്നതിലെ ഭീതിയിലാണ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും.


Source link

Related Articles

Back to top button