MANORAMA

നർക്കിലക്കാട് ചോരപ്പുഴയായി മാറുന്നു: 5 വർഷത്തിനിടെ അതേ വളവിൽ ജീവനെടുത്തത് 5 അപകടങ്ങൾ

നർക്കിലക്കാട് ∙ പുലർച്ചെയുണ്ടായ വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്; ഒരു വാഹനം തകർന്നുവീണ് കിടക്കുന്നത് വീടിനുമുകളിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇതേ സ്ഥലത്ത് നടക്കുന്ന അഞ്ചാമത്തെ വാഹനാപകടമാണിത്. മുൻപത്തെ അപകടങ്ങളിൽ ಅದൃഷ്ടംകൊണ്ട് ജീവനുകൾ പൊലിഞ്ഞില്ലെങ്കിൽ, ഇന്നലത്തെ ദുരന്തത്തിൽ രണ്ടുപേരുടെ ജീവനാണ് നഷ്ടമായത്. ഭീമനടി–ചിറ്റാരിക്കാൽ മരാമത്ത് റോഡുമായി ബന്ധിപ്പിക്കുന്ന വരക്കാട് എളേരിത്തട്ട് റോഡിലെ വരക്കാട് ജംക്‌ഷനിൽ അതിശക്തമായ ഇറക്കമാണുള്ളത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം എളേരിത്തട്ട് റോഡിലെ കൊടുംഇറക്കത്തിൽനിന്നും പത്തടി താഴ്ചയിലുള്ള കോൺക്രീറ്റ് വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരു വൈദ്യുതത്തൂൺ തകർത്തശേഷമാണ് വാഹനം വീടിനുമുകളിലേക്ക് ഇടിച്ചുകയറിയത്. ജയ്സനും ഭാര്യയും ഉറങ്ങിക്കിടന്നിരുന്ന ഹാളിൽ ഇപ്പോൾ ചെങ്കല്ലുകളും എൻജിൻ ഓയിലും വാഹനത്തിന്റെ അവശിഷ്ടങ്ങളുമാണ് പരന്നുകിടക്കുന്നത്. വാഹനം തിരിക്കേണ്ട ഭാഗത്താണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ റോഡിന് വീതികൂട്ടി ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയിട്ട് വർഷങ്ങളായി. കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചപ്പോഴും അധികൃതർ ഈ പ്രശ്നത്തിന് നേരെ കണ്ണടയ്ക്കുകയായിരുന്നു.

നർക്കിലക്കാട് ∙ പുലർച്ചെ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ടുപേർ മരിച്ച അപകടത്തിൽ വീട്ടുകാരുടെ രക്ഷകയായത് വളർത്തുപൂച്ച. രണ്ട് അതിഥിത്തൊഴിലാളികളാണു മരിച്ചത്. ഇന്നലെ പുലർച്ചെ 2നു വരക്കാട് വെസ്റ്റ് എളേരി സഹകരണ ബാങ്കിനു സമീപത്തായിരുന്നു അപകടം. ചീർക്കയംഭാഗത്ത് കുഴൽക്കിണർ കുഴിച്ച് ചെറുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്കു പതിച്ചത്. ഇറക്കമിറങ്ങി ഭീമനടി – ചിറ്റാരിക്കാൽ റോഡിലേക്ക് തിരിയേണ്ട ലോറി നേരെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.ഈ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥൻ ജയ്സനും ഭാര്യ ഏലിയാമ്മയും, പൂച്ച പിടിച്ചുകൊണ്ടുവന്ന എലിയെ കളയാനായി പുറത്തേക്കിറങ്ങിയ സമയത്തായിരുന്നു അപകടം. നല്ല ചൂടായതിനാൽ വീട്ടിലെ ഹാളിലാണ് ഇവർ കിടന്നത്. എലിയുമായെത്തിയ പൂച്ചയുടെ ബഹളംകേട്ടാണ് ഇവർ ഉണർന്നത്. എലിയെ കളഞ്ഞ് തിരിച്ചുകയറുംമുൻപേ അപകടമുണ്ടായി. ഹാളിനു മുകളിലേക്കു ലോറി വീണ് ഭിത്തിതകർന്ന് ചെങ്കല്ലുകളുംമറ്റും ഹാളിൽ പതിച്ചു. തൊട്ടടുത്ത മുറികളിൽ മകൻ ജസ്റ്റിനും ഏലിയാമ്മയുടെ സഹോദരി ശാന്തമ്മയുമുണ്ടായിരുന്നു. ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്. വാഹനത്തിലുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര (29) , ഛത്തീസ്ഗഡ് സ്വദേശി മനാസർ (25) എന്നിവർ അപകടസ്ഥലത്തുതന്നെ മരിച്ചു. ജയ്സന്റെയും ഭാര്യയുടെയും നിലവിളി കേട്ട നാട്ടുകാർ ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.


Source link

Related Articles

Back to top button