സൗദി വിമാനത്താവളത്തിലെ ഭീകരാക്രമണം; പൈലറ്റടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഇന്നലെയുണ്ടായ ഇരട്ട മിസൈൽ ആക്രമണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും വിമാനത്താവളത്തിനും വിമാനത്തിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ട് ഘട്ടങ്ങളായാണ് ആക്രമണം നടന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ആദ്യ ആക്രമണം വിമാനത്താവളത്തിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണത്തിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദിയ എയർലൈൻസിന്റെ വിമാനത്തിന് നേരെ മിസൈൽ പതിക്കുകയായിരുന്നു. ആക്രമണത്തിൽ വിമാനത്തിന് തീപിടിക്കുകയും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര വിദഗ്ധ ചികിത്സ നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കാനും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനുമുള്ള നടപടികൾ സുരക്ഷാ ഏജൻസികളുമായി ചേർന്ന് ഊർജിതമായി പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Source link




