തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി; പരാതി നേരിട്ട് കേട്ട് രാഷ്ട്രപതി

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു തങ്ങളോട് ആവശ്യപ്പെട്ടതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യാ മുന്നണി നേതാക്കൾ രാഷ്ട്രപതിഭവനിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിന്റെ നേതാക്കൾ രാഷ്ട്രപതിക്ക് ഔദ്യോഗിക നിവേദനവും സമർപ്പിച്ചു.
അതേസമയം, രാഷ്ട്രപതിഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി ആസൂത്രണം ചെയ്ത പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ, ഡൽഹിയിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കാൻ ഡൽഹി പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനപഥ്-കർത്തവ്യ പഥ് ജംക്‌ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
രാഷ്ട്രപതിഭവനിൽ നടന്ന നിർണായക കൂടിക്കാഴ്ചയിൽ ഇന്ത്യാ മുന്നണിയിലെ പത്തോളം പ്രമുഖ നേതാക്കളാണ് പങ്കെടുത്തത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയവർ രാഷ്ട്രപതിയുമായുള്ള ചർച്ചയിൽ സന്നിഹിതരായിരുന്നു.
Source link




