KAUMUDI

‘പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, തിരുത്തേണ്ടത് മുഴുവൻ തിരുത്തും’

എംവി ഗോവിന്ദൻ

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമായിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റുകൾ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങളെ പരാതിയുമായി കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടികളിൽ പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് പറഞ്ഞ അദ്ദേഹം തിരുത്തേണ്ടത് മുഴുവൻ പാർട്ടി തിരുത്തുമെന്നും വ്യക്തമാക്കി.

ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്താൻ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയേയും സർക്കാർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സംഘപരിവാർ പ്രതിഷേധവുമായെത്തിയാൽ അവർക്ക് പൂർണ പിന്തുണ യുഡിഎഫ് സർക്കാർ നൽകുമെന്നും സ്റ്റേഷൻ ജാമ്യം ലഭിക്കുന്നവിധം മാത്രം കേസ് രജിസ്റ്റർ ചെയ്ത് സംരക്ഷിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

‘ഞങ്ങളുടെ 100 കണക്കിന് പ്രവർത്തകർ ഇപ്പോഴും കൽത്തുറങ്കിൽ കിടക്കുകയാണ്. അവരെയെല്ലാം കേസിൽ ഉൾപ്പെടുത്തി

ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ കിടത്തിയിരിക്കുകയാണ്. നേരെമറിച്ച് എബിവിപിക്കാരെയും ആർഎസ്എസുകാരെയും സംരക്ഷിക്കുകയാണ്. ബിജെപിയുമായിട്ടുള്ള ഡീലിന്റെ ഭാഗമായി അവരുമായി ചർച്ച ചെയ്തിട്ടാണ് കാര്യങ്ങൾ മുഴുവൻ നിർവഹിക്കുന്നത്. യുഡിഎഫിൽ ചർച്ച ചെയ്യുന്നില്ലെന്ന് അവർ തന്നെ പറഞ്ഞല്ലോ. അപ്പോൾ ച‌ർച്ച ചെയ്യുന്നത് നമുക്കെല്ലാം അറിയുന്നപോലെ ബിജെപിയോട് മാത്രമാണ്. ബിജെപിക്കാർക്ക് കീഴടങ്ങിയിട്ടുള്ള ഒരു സ‌ർക്കാരാണ് വിഡി സതീശന്റേത്.’- എംവി ഗോവിന്ദൻ വിമർശിച്ചു.

അതേസമയം, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബു ഒഴിഞ്ഞത് പൂർണമായും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹത്തിനെതിരെ യാതൊരു പീഡന പരാതികളും ലഭിച്ചിട്ടില്ലെന്നും പുതിയ ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയുടെയോ സംസ്ഥാന കമ്മിറ്റിയുടെയോ മുന്നിൽ അത്തരമൊരു പരാതിയും വന്നിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ വിഭാഗീയതകൾ ഇല്ലെന്നും ചെന്താമരാക്ഷൻ വ്യക്തമാക്കി.


Source link

Related Articles

Back to top button