അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു; മെസിയുടെ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ അന്വേഷണാനുമതി തേടി ഡിജിപി

വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: ഫുട്ബാൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനും അന്നത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണാനുമതി തേടി സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി.
എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മുൻമന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളതെന്നാണ് വിവരം. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിലേക്ക് നിർണായക ഫയൽ കൈമാറിയത്. വി അബ്ദുറഹ്മാനും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമം ചുമത്തി തുടരന്വേഷണം നടത്താനുള്ള അനുമതിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും അബ്ദുറഹ്‌മാൻ ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണസംഘം വിലയിരുത്തിയിട്ടുണ്ട്.
അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ അടുത്തിടെ മൊഴി നൽകിയിരുന്നു. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹ്മാൻ തിരുത്തിയില്ലെന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ആർ രമേശ് എസ്‌ഐടിക്ക് മൊഴി നൽകി. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും രമേശ് എസ്‌ഐടിയുടെ ചോദ്യം ചെയ്യലിൽ ആരോപിച്ചു.
ടെൻഡറില്ലാതെ സ്‌പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അബ്ദുറഹ്മാൻ അവഗണിച്ചു. എയ്‌ഡഡ് കോളേജ് അദ്ധ്യാപികയുടെ സേവനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും മുൻമന്ത്രി ചെവികൊണ്ടില്ല. മന്ത്രിയുടെ സുഹൃത്തെന്ന നിലയിൽ മെയിലുകൾ കൈകാര്യം ചെയ്യാൻ അനുവദിച്ചുവെന്നും രമേശ് മൊഴിയിൽ പറയുന്നു.
RELATED TOPICS: LIONEL MESSI KERALA, V ABDURAHIMAN, MESSI KERALA VISIT, KERALA FOOTBALL SPONSORSHIP, FINANCIAL FRAUD CASE
Source link



