KAUMUDI

വയലാർ അവാർഡ് ആർ.രാജശ്രീക്ക്

തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ ‘ആത്രേയകം” എന്ന നോവൽ അർഹമായി. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവാർഡ് നൽകും. ഒ.വി.ഉഷ, സുഭാഷ് ചന്ദ്രൻ, വി.വിജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. കണ്ണൂർ പറശ്ശിനിക്കടവിൽ ജനിച്ച ആർ.രാജശ്രീ ‘കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ” എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം ആൻഡ് ഗവേഷണ കേന്ദ്രത്തിൽ അദ്ധ്യാപികയാണ്. വാർത്താസമ്മേളനത്തിൽ വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി ബി.സതീശൻ, ട്രസ്റ്റിമാരായ പ്രഭാവർമ്മ, ഡോ. വി.രാമൻകുട്ടി എന്നിവർ പങ്കെടുത്തു.


Source link

Related Articles

Back to top button