കാഥികൻ ഞെക്കാട് ശശി അന്തരിച്ചു

കാഥികൻ ഞെക്കാട് ശശി അന്തരിച്ചു
കല്ലമ്പലം: പ്രമുഖ കാഥികൻ ഞെക്കാട് ശശി (76) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ഞെക്കാട് ആലപ്പാസ് വീട്ടുവളപ്പിൽ നടക്കും. എറണാകുളത്ത് മകനോടൊപ്പം താമസിക്കവെ, ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ടോടെ മൃതദേഹം വർക്കല ഞെക്കാട് വീട്ടിലെത്തിച്ചു.
കഥാപ്രസംഗം എന്ന ജനകീയ കല സജീവമായിരുന്ന കാലത്ത് ആ രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാഥികനാണ് ഞെക്കാട് ശശി. കേരള സംഗീത നാടക അക്കാഡമിയുടെ സംഗീത ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 52 വർഷം കഥാപ്രസംഗ രംഗത്ത് സജീവ സാന്നിദ്ധ്യമായിക്കുന്നു. 25 കഥകൾ അവതരിപ്പിച്ചു. കടത്തുകാരന്റെ പുത്രി, കെ.എ. അബ്ബാസിന്റെ സാത്ത് ഹിന്ദുസ്ഥാനി, ബിമൽ മിത്രയുടെ ചരിത്രത്തിൽ ഇല്ലാത്തവർ,അലക്സാണ്ടർ ഡ്യൂമസിന്റെ മൊണ്ടേക്രിസ്റ്റോയിലെ പ്രഭു തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഉടനീളം കഥ പറഞ്ഞിട്ടുള്ള ശശി ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കഥകൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ പരേതയായ കുമാരിഅമ്മ. മക്കൾ: സുബ്രു (ഐ.ബി.എം കൊച്ചി),കാർത്തിക ദേവി. മരുമക്കൾ:ശാലിനി(ടി.സി.എസ്കൊച്ചി),കൃഷ്ണദേവ് (ദുബായ്).
Source link



