MANORAMA

മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം ഉടൻ; എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ യാത്രക്കാർക്ക് സമയ – ധന ലാഭം


പൂച്ചാക്കൽ ∙ വേമ്പനാടു കായലിനു കുറുകെ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം 10 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായി. പാലത്തിലും അപ്രോച്ച് റോഡുകളിലും ടാറിങ് ഉൾപ്പെടെ എല്ലാം പൂർത്തിയായി. തെരുവു വിളക്കുകൾക്ക് വൈദ്യുതി കണക്‌ഷനും ഉടനാകും. സമയ – ധന ലാഭം പാലം തുറക്കുന്നതോടെ രണ്ടു ജില്ലകളിലേക്കുമുള്ള യാത്രക്കാർക്ക് സമയ – ധന ലാഭം ഏറെയാണ്. നിലവിൽ മാക്കേക്കടവ് – നേരേകടവ് കായൽ കട‌ക്കാൻ ഇരുചക്ര വാഹനം മാത്രം കയറുന്ന ചങ്ങാടമാണുള്ളത്. മറ്റു വാഹനങ്ങൾ കിലോമീറ്ററുകൾ കടന്ന് തണ്ണീർമുക്കം ബണ്ട് വഴി യാത്ര ചെയ്യണം. പാലം തുറന്നാലും ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ നേരേകടവിൽ നിന്നു വൈക്കം റോഡിലേക്കു പോകാൻ പ്രയാസം നേരിടും. അവിടുത്തെ റോഡിന്റെയും കലുങ്കുകളുടെയും വീതിക്കുറവാണ് കാരണം. അവ പരിഹരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.വർഷങ്ങളുടെ കാത്തിരിപ്പ് മാക്കേക്കടവ് – നേരേകടവ് പാലത്തിന് 2016 ജൂണിലാണ് കരാർ ഒപ്പിട്ടത്. നിർമാണ കാലാവധി 24 മാസമായിരുന്നു. 2017 ജനുവരിയിൽ മന്ത്രിയായിരുന്ന ജി. സുധാകരനാണ് നേരേകടവ് ജെട്ടിക്കു സമീപം തറക്കല്ലിട്ടത്. വൈകാതെ നിർമാണം തുടങ്ങിയെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് വർഷങ്ങളോളം നീണ്ടു. കേസുകളെ തു‌ടർന്ന് സ്ഥലമെടുപ്പ് നടപടികൾ വൈകിയതിനാൽ കരാറുകാരന് നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാനായില്ല. തുടർന്നുള്ള പ്രവൃത്തികൾക്ക് നിരക്ക് വർധിപ്പിച്ചു നൽകണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടതും അനുവദിച്ച് 2024 മാർച്ചിലാണ് നിർമാണം പുനരാരംഭിച്ചത്.


Source link

Related Articles

Back to top button