MANORAMA

കസ്റ്റഡിയിലുള്ള കൗമാരക്കാരന് ജാമ്യം; ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ തീരുമാനത്തിനെതിരെ കുടുംബം രംഗത്ത്

കൊച്ചി ചേരാനെല്ലൂരില്‍ സ്കൂട്ടര്‍ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പതിനേഴു വയസ്സുകാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. നേരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ, നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് രാത്രിയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുകയായിരുന്നു.

‘എന്റെ പിതാവിനെ വാഹനം ഇടിച്ച് കൊന്നവനെ മൃതദേഹം പോലും ഏറ്റുവാങ്ങുന്നതിന് മുൻപ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. എന്റെ അച്ഛൻ ഒരു സാധാരണ തട്ടുകടക്കാരൻ മാത്രമാണ്, പ്രതിയാകട്ടെ ഒരു ജഡ്ജിയുടെ മകനും. നിയമം ഇവിടെ രണ്ടുതരത്തിലാണോ പ്രവർത്തിക്കുന്നത്? മണിക്കൂറുകളോളം സ്റ്റേഷന് മുന്നിൽ ഞങ്ങൾ കാത്തിരുന്നിട്ടും ഒരക്ഷരം മിണ്ടാൻ പോലും പൊലീസ് തയ്യാറായില്ല. ഒരിക്കൽ അച്ഛനൊപ്പം പരാതി നൽകാൻ എത്തിയപ്പോൾ അച്ഛനെ അധിക്ഷേപിച്ച അതേ പൊലീസുകാരാണ് ഇപ്പോഴും ഇവിടെയുള്ളത്. ഇന്ന് അവർക്ക് മറുപടിയില്ല. നിയമം പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിയുടെ പിതാവായ ജഡ്ജി ഭീഷണിപ്പെടുത്തി. സംഭവസ്ഥലത്തെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയ ബന്ധുക്കളുടെ ഫോൺ പിടിച്ചെടുത്ത് അവ ഡിലീറ്റ് ചെയ്യിക്കാനും അധികൃതർ കൂട്ടുനിന്നു. നീതിക്കായി ഏതറ്റം വരെയും ഞങ്ങൾ പോരാടും’–ജയബാലകൃഷ്ണന്റെ മകൾ വികാരഭരിതയായി പ്രതികരിച്ചു.

ലൈസൻസില്ലാതെ അമിതവേഗതയിൽ കാറോടിച്ച് അൻപത്തിയഞ്ചുകാരനായ ജയബാലകൃഷ്ണന്റെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരനെതിരെ നേരത്തെ തന്നെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് തുടക്കത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദമായതോടെ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പൊലീസ് കമ്മിഷണറെയും നേരിട്ട് വിളിച്ച് അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തി കേസ് നടപടികൾ കർശനമാക്കിയത്.

Source link

Related Articles

Back to top button