സംസ്ഥാനത്തെ 4504 സ്‌കൂൾ ബസുകളിൽ പൊലീസ് പരിശോധന: മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഇരുപത്തൊന്ന് ഡ്രൈവർമാർ പിടിയിലായി. ഇന്ന് പുലർച്ചെ അഞ്ചു മുതൽ എട്ടു മണി വരെയുള്ള സമയത്തിനുള്ളിൽ നാലായിരത്തഞ്ഞൂറ്റിനാല് സ്‌കൂൾ ബസുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ അഞ്ചു വീതം കേസുകൾ റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് മൂന്നും കണ്ണൂരിൽ രണ്ടും കേസുകൾ ചുമത്തിയപ്പോൾ, തിരുവനന്തപുരം സിറ്റി, റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന തുടരുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പറായ 9747001099 വഴി വിവരം അറിയിക്കാവുന്നതാണ്. ഇത്തരത്തിൽ പരാതികൾ അയക്കുമ്പോൾ സംഭവത്തിന്റെ ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പർ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തേണ്ടതാണ്.



